ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മോശം ഫോമിലുള്ള സഞ്ജു സാംസണിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ടീം.
വിശാഖപട്ടണം: 2026 ടി20 ലോകകപ്പിന് തൊട്ടുമുമ്പ് മലയാളി താരം സഞ്ജു സാംസണിന്റെ ഫോം ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും താരത്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍. സഞ്ജു ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു മികച്ച ഇന്നിംഗ്സ് മാത്രം മതിയെന്നും ലോകകപ്പിന് മുന്‍പ് താരം താളം കണ്ടെത്തുമെന്നും മോര്‍ക്കല്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ നാലാം ടി20ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മോശം സമയം താല്‍ക്കാലികം മാത്രമാണെന്ന് മോര്‍ക്കല്‍ പറഞ്ഞു. ''സഞ്ജു ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരൊറ്റ ഇന്നിംഗ്സ് മതി. ഈ മോശം സമയം താല്‍ക്കാലികമാണെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ കൃത്യസമയത്ത് ഫോമിലേക്ക് ഉയരുക എന്നത് പ്രധാനമാണ്. സഞ്ജു നന്നായി പരിശീലനം നടത്തുന്നുണ്ട്, പന്ത് കൃത്യമായി ബാറ്റിന്റെ മധ്യത്തില്‍ തന്നെ കൊള്ളുന്നുമുണ്ട്. റണ്‍സ് കണ്ടെത്താന്‍ അവന് അധികം സമയം വേണ്ടിവരില്ല.'' മോര്‍ക്കല്‍ വ്യക്തമാക്കി.
മോര്‍ക്കല്‍ തുടര്‍ന്നു... ''എങ്കിലും, ടീം വിജയിക്കുന്നു എന്നതിലാണ് പ്രധാന ശ്രദ്ധ. അത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. നിലവില്‍ പരമ്പരയില്‍ ഞങ്ങള്‍ 3-0ത്തിന് മുന്നിലാണ്. ടീമിലെ താരങ്ങള്‍ വളരെ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഇനി രണ്ട് മത്സരങ്ങള്‍ കൂടി നമുക്കുണ്ട്. സഞ്ജു തന്റെ ഫോം വീണ്ടെടുക്കുമെന്നതിലും റണ്‍സ് കണ്ടെത്തുമെന്നതിലും എനിക്ക് യാതൊരു സംശയവുമില്ല.'' മോര്‍ക്കല്‍ പറഞ്ഞു. ടീം തുടര്‍ച്ചയായി വിജയിക്കുന്നത് വലിയ ആശ്വാസമാണെന്നും സഞ്ജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത് (10, 6, 0). ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ താരം ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു. പരിക്കേറ്റ തിലക് വര്‍മ്മയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 8, 76, 28 എന്നിങ്ങനെ റണ്‍സ് നേടിയ ഇഷാനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സഞ്ജുവിനെ മാറ്റണമെന്നുമുള്ള വാദങ്ങള്‍ ശക്തമാകുന്നുണ്ട്.
പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തില്‍, നാളെ വിശാഖപട്ടണത്ത് നടക്കുന്ന നാലാം മത്സരത്തില്‍ സഞ്ജുവിന് തന്റെ പഴയ ഫോം വീണ്ടെടുക്കാന്‍ കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.



