പെര്‍ത്ത്: സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഓസ്‌ട്രേലിയയ്‌ക്ക് നാണംകെട്ട തോല്‍വി. സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക 177 റണ്‍സിനാണ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. 538 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്‌ത ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 361 റണ്‍സിന് പുറത്താകുകയായിരുന്നു. നാലിന് 169 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ അവസാന ദിവസം ബാറ്റിങ് തുടര്‍ന്നത്. 97 റണ്‍സെടുത്ത ഉസ്‌മന്‍ കാവ്‌ജയും പുറത്താകാതെ 60 റണ്‍സെടുത്ത പിറ്റര്‍ നെവിലും പോരാടി നോക്കിയെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ ഓസീസിന് സാധിച്ചില്ല. അഞ്ചു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് ഓസ്‌ട്രേലിയന്‍ മുന്‍നിരയെ തകര്‍ത്ത് മല്‍സരം ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാക്കി മാറ്റിയത്. ഇരു ഇന്നിംഗ്‌സുകളില്‍നിന്നായി ഏഴ് വിക്കറ്റെടുത്ത റബാഡയാണ് മാന്‍ ഓഫ് ദ മാച്ച്.
സ്‌കോര്‍- ദക്ഷിണാഫ്രിക്ക 242 & എട്ടിന് 540, ഓസ്ട്രേലിയ 244 & 361ന് പുറത്ത്
ആദ്യ ഇന്നിംഗ്സില്‍ രണ്ടു റണ്‍സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സിലെ ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് മല്‍സരഗതി മാറ്റിമറിച്ചത്. ഡീന്‍ എല്‍ഗാര്‍, ജെ പി ഡുമിനി എന്നിവരുടെ സെഞ്ച്വറികളും ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ദ്ധസെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 500 കടത്തിയത്.
പരമ്പരയിലെ രണ്ടാമത്തെ മല്‍സരം നവംബര്‍ 12 മുതല്‍ 16 വരെ ഹൊബാര്‍ട്ടില്‍ നടക്കും.
