വാണ്ടറേഴ്‌സ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജൊഹനസ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ആരംഭിക്കും. ഏകദിന പരമ്പരയിലെ മേധാവിത്വം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. അതേസമയം തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാന്‍ പുതിയ മുഖവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. 

ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന സുരേഷ് റെയ്നയിലാണ് ആരാധകരുടെ കണ്ണുകള്‍. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള 10 ട്വന്‍റി 20യില്‍ ഏഴിലും ജയിച്ചതിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ഏകദിന പരമ്പരയില്‍ ആതിഥേയരെ കറക്കി വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് സഖ്യം തന്നെയാകും ടി20യിലും ഇന്ത്യയുടെ പ്രധാന ആയുധം.

എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍-ജസ്‌പ്രീത് ബുംറ സഖ്യമാണ് ബൗളിംഗ് തുടങ്ങുക. എ ബി ഡിവിലിയേഴ്സ് ടീമിലുണ്ടെങ്കിലും ജെ പി ഡുമിനിയെ നായകനാക്കിയ ദക്ഷിണാഫ്രിക്ക പുതിയ തന്ത്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. അംലയും ഡുപ്ലെസിയും ഡികോക്കും റബാഡയും ടീമിലില്ലാത്ത സാഹചര്യത്തില്‍ ഡിവിലിയേഴ്സ്-മോറിസ്-മില്ലര്‍ ത്രയത്തിലാണ് ആതിഥേയരുടെ പ്രതീക്ഷ.