വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഇന്ത്യ കുതിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ തന്നെ ഡര്‍ബനില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്തിയെഴുതിയ കോലിപ്പട മൂന്നാം ഏകദിനവും ജയിച്ചതോടെ തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ ജയിച്ചെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഇതൊക്കെയാണെങ്കിലും പരമ്പര ജയത്തിന് തൊട്ടടുത്ത് നാലാം ഏകദിനത്തിന് ഇന്ന് വാണ്ടറേഴ്സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്ന ചില കണക്കുകളുണ്ട്.
അതില്‍ ഏറ്റവും പ്രധാനം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള എ.ബി. ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവാണ്. ഇതിന് പുറമെ പിങ്ക് ജേഴ്സി അണിഞ്ഞ് കളിക്കുമ്പോളൊക്കെ ഡിവില്ലിയേഴ്സ് പതിവിലും കരുത്തനാകാറുണ്ടെന്നതും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഡിവില്ലിയേഴ്സ് വെസ്റ്റിൻഡീസിനെതിരെ വേഗതയേറിയ ഏകദിന സെഞ്ചുറി നേടിയതും പാക്കിസ്ഥാനെതിരെ 108 പന്തില്‍ 128 റണ്‍സടിച്ചതും ഇതേ വേദിയിൽ ഇതേ ജേഴ്സിയിലായിരുന്നു.
പിങ്ക് ജേഴ്സിയില്‍ ഡിവില്ലിയേഴ്സിനെ നേരിട്ടപ്പോള്‍ ഇന്ത്യക്കും നല്ല ഓര്‍കളല്ല ഉള്ളത്. 2013ലെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ഡിവില്ലിയേഴ്സ് 47 പന്തിൽ 77 റൺസടിച്ചതും പിങ്ക് ജേഴ്സിയിലായിരുന്നു. ആറ് ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. ഡിവില്ലിയേഴ്സ് വെടിക്കെട്ടിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് 358 റണ്‍സും.
