പോർട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ ചരിത്ര പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആരാധകശ്രദ്ധ മുഴുവന്‍ രോഹിത് ശര്‍മയിലായിരിക്കും. ഫോമിലായാല്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള രോഹിത്തിന് ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. ടെസ്റ്റ് പരമ്പരയില്‍ രഹാനെയ്ക്ക് പകരം രോഹിത്തിനെ ഉള്‍പ്പെടുത്തിയതിന് ഏറെ പഴികേട്ട ക്യാപ്റ്റന്‍ വിരാട് കോലിക്കും രോഹിത്തിന്റെ ഫോം നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ രോഹിത്തിന് പകരം കെ എല്‍ രാഹുലിനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യ ഇതുവരെ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടില്ല എന്നതിനാല്‍ ഓപ്പണര്‍മാര്‍ നല്‍കുന്ന മികച്ച തുടക്കം ഇന്നത്തെ ഇന്ത്യന്‍ പ്രകടനത്തില്‍ നിര്‍ണായകമാവും.
മധ്യനിരയുടെ മങ്ങിയ ഫോമാണ് ഇന്ത്യയുടെ മറ്റൊരു തലവേദന. ഇതുവരെയുള്ള ഇന്ത്യന്‍ വിജയങ്ങളിലെല്ലാം കോലിയും ധവാനും മാത്രമാണ് കാര്യമായി തിളങ്ങിയത്. ഒരു മത്സരത്തില്‍ മാത്രം തിളങ്ങിയ രഹാനെയുടെ പ്രകടനം മാത്രമാണ് ഇതിനൊരപവാദം. കോലിയും ധവാനും ചേർന്ന് ഈ പരമ്പരയിൽ 664 റൺസ് നേടിയപ്പോള്‍ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെല്ലാം ചേർന്നു നേടിയത് 239 റണ്‍സ് മാത്രമാണ്. അതുകൊണ്ടുതന്നെ രഹാനെക്കോ ശ്രേയസ് അയ്യര്‍ക്കോ പകരം മധ്യനിരയില്‍ മനീഷ് പാണ്ഡെക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്.
ഹര്‍ദ്ദീക് പാണ്ഡ്യയാകട്ടെ ആദ്യ ടെസ്റ്റിലെ അത്ഭുത പ്രകടനമൊഴിച്ചാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കിയിട്ടുമില്ല. പോര്‍ട്ട് എലിസബത്തിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷയെന്നതിനാല്‍ പാണ്ഡ്യക്ക് പകരം സ്ലോ ബൗളിംഗ് ഓപ്ഷന്‍ കൂടി കണക്കിലെടുത്ത് കേദാര്‍ ജാദവിനനോ അക്ഷര്‍ പട്ടേലിനോ അവസരം നല്‍കുന്ന കാര്യവും ഗൗരവമായി ടീം മാനേജ്മെന്റ് പരിഗണിക്കുന്നുണ്ട്. മഴ വില്ലനാവുമെന്ന് പ്രവചനമുള്ളതിനാല്‍ രണ്ട് പേസര്‍മാരുമായി മാത്രം കളിക്കിനിറങ്ങുന്നതും വലിയ റിസ്കാണ്. മഴ തടസപ്പെടുത്തിയ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ ദക്ഷിണാഫ്രിക്ക അടിച്ചു പറത്തിയ സാഹചര്യത്തില്‍.
കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ധോണിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചൊരു ഇന്നിംഗ്സ് ഇതുവരെ ഉണ്ടായിട്ടില്ലെന്നതും കോലിയെ കുഴക്കുന്ന പ്രശ്നമാണ്. വിക്കറ്റിന് പിന്നില്‍ മികവു തുടരുമ്പോഴും ഫിനിഷര്‍ എന്ന നിലയില്‍ ധോണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നൊരു ഇന്നിംഗ്സ് പിറന്നിട്ടില്ല. ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ഭുവനേശ്വര്‍കുമാറിനും ഏകദിന പരമ്പരയില്‍ മികവിലേക്കുയരാനായിട്ടില്ല. ഭുവിക്ക് വിശ്രമം നല്‍കി ഷാമിയെയോ ശര്‍ദ്ദുല്‍ ഠാക്കൂറിനെയോ കളിപ്പിക്കുന്ന കാര്യവും പരിഗണിക്കാനിടയുണ്ട്. ബൂമ്ര മികവിനൊത്ത പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നതാണ് ആശ്വാസം പകരുന്ന കാര്യം. ജയിച്ചാല്‍ ചരിത്രനേട്ടം കാത്തിരിക്കുന്ന ടീം ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിലെ ടീം കോംബിനേഷന്‍ നിര്‍ണായകമാണ്.
