കേപ്‌ടൗണ്‍: ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കേപ്‌ടൗണില്‍ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് വ്യക്തമായ ആധിപത്യം നേടിയ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ടീം കോംബിനേഷനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ പരമ്പരയില്‍ ഇതുവരെ കാര്യമായി തിളങ്ങാനാവാത്ത രോഹിത് ശര്‍മക്ക് പകരം കെ എല്‍ രാഹുലിനെ ഓപ്പണറാക്കണമെന്ന വാദമുയരുന്നുണ്ട്. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലുമായി ഒറ്റ അര്‍ധ സെഞ്ചുറി പോലും രോഹിത്തിന്റെ പേരിലില്ല.

11, 10, 10, 47, 20, 15 എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ രോഹിത്തിന്റെ പ്രകടനം. എങ്കിലും ഫോമിലായാല്‍ ടീം സ്കോറില്‍ വലിയ സംഭാവന നല്‍കാനിടയുള്ള രോഹിത്തിനെ നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്തില്ലെന്ന് തന്നെയാണ് സൂചന. ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച ഫോമിലായിരുന്ന ധവാന്‍ തന്നെയാകും രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയും നാലാം നമ്പറില്‍ അജിങ്ക്യാ രഹാനെയും തുടരും.

സ്ലോ ബൗളര്‍മാരെ കളിക്കുന്നതില്‍ ദക്ഷിണാഫ്രിക്ക ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കേദാര്‍ ജാദവിനെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. ഓള്‍ റൗണ്ടറായി ഹര്‍ദ്ദീക് പാണ്ഡ്യയും വിക്കറ്റ് കീപ്പറായി ധോണിയും തന്നെ എത്തും. കേപ്‌ടൗണിലെ പിച്ച് പേസിനെ തുണയ്ക്കുമോ സ്പിന്നിനെ പുല്‍കുമോ എന്ന് ഉറപ്പില്ല. എങ്കിലും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും ചാഹലും കുല്‍ദീപ് യാദവും ബൗളര്‍മാരായി തുടരും.