വാണ്ടറേഴ്സ്: ഇരുടീമുകള്‍ക്കും പിടിതരാത്ത പിച്ചില്‍ ദക്ഷിണാഫ്രിക്ക പിടിച്ചുനില്‍ക്കുന്നു. വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ 241 റണ്‍സിന്റെ വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന സുരക്ഷിതനിലയിലാണ്. 29 റണ്‍സോടെ ഡീല്‍ എല്‍ഗാറും 27 റണ്‍സോടെ ഹാഷിം അംലയും ക്രീസില്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ പരമ്പര തൂത്തുവാരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 172 റണ്‍സ് കൂടി മതി.

ആദ്യ മൂന്ന് ദിനങ്ങളില്‍ അപകടകരമായ രീതില്‍ പന്ത് കുത്തി ഉയരുന്നത് കണ്ട പിച്ചില്‍ നാലാം ദിനം കാര്യങ്ങളെല്ലാം ദക്ഷിണാഫ്രിക്കയുടെ വഴിക്കായിരുന്നു. ആദ്യ സെഷനില്‍ ഒരു അവസരംപോലും സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. 17/1 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതോലോടെയാണ് തുടങ്ങിയത്. രണ്ടാം സെഷനിലും അധികം വിക്കറ്റ് കളയാതെ പിടിച്ചു നിന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയപ്രതീക്ഷയാവും.

പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യക്ക് ഏകദിന പരമ്പരക്കുമുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.