ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ബസ് ഡ്രൈവര്‍ ആന്‍ഡ്രേ ക്രോഗ് ഇന്ത്യൻ ടീമിന്റെ കടുത്ത ആരാധകൻ. ക്രിക്കറ്റ് കളി കണ്ടല്ല, ഇന്ത്യൻ ടീം അംഗങ്ങളുടെ മാന്യമായ പെരുമാറ്റമാണ് ക്രോഗിനെ ആകര്‍ഷിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചില അംഗങ്ങള്‍ ക്രോഗിന്റെ അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞു. ക്രിക്കറ്റ് കളിയോട് അത്ര താല്‍പര്യമില്ലെങ്കിലും, സെഞ്ചൂറിയൻ ടെസ്റ്റിന്റെ അഞ്ചാം ദിനം, ഇന്ത്യ ജയിക്കണമെന്ന് പോലും ദക്ഷിണാഫ്രിക്കക്കരാനായ ക്രോഗ് ആഗ്രഹിച്ചുപോയി.

കേപ്ടൗണ്‍ ടെസ്റ്റിലും ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബസ് ഡ്രൈവറായിരുന്നു ക്രോഗ്. ടീമിനെ ഹോട്ടലിൽനിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചുംകൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വം ക്രോഗിനാണ്. മിക്ക ദിവസങ്ങളിലും ഇരു ടീമുകളും ഒരുമിച്ചാണ് യാത്ര തിരിക്കാറുള്ളത്. ദക്ഷിണാഫ്രിക്കൻ താരങ്ങള്‍ തന്നോട് ഒരു ഡ്രൈവറെന്നതിൽ കവിഞ്ഞ് ഒരു അടുപ്പവും കാണിച്ചിട്ടില്ലെന്ന് ക്രോഗ് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്കറ്റ് നെക്‌സ്റ്റിനോട് പറഞ്ഞു. എന്നാൽ ഇന്ത്യൻ ടീമും അവരുടെ ബസ് ഡ്രൈവറും തന്റെ അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞു. ടീം മൈതാനത്ത് കളിക്കുമ്പോള്‍ വെയിലുംകൊണ്ട് പുറത്തുനിൽക്കേണ്ടി വരാറുണ്ട്. ടീം ബസ് ഡ്രൈവര്‍ക്കായി കുടിവെള്ളവും മറ്റ് ലഘുഭക്ഷണവും നൽകാൻ ഇന്ത്യൻ താരങ്ങള്‍ മറക്കാറില്ല. എന്നാൽ തനിക്ക് ഇത് ലഭിക്കാറില്ല. ഇതു മനസിലാക്കിയ ഇന്ത്യൻ താരങ്ങളിൽ ചിലര്‍ തനിക്കുള്ള വെള്ളവും ലഘുഭക്ഷണവും അവരുടെ ഡ്രൈവറായ റോണി മൂഡ്‌ലിയുടെ കൈവശം കൊടുത്തുവിടാൻ തുടങ്ങി. ഭക്ഷണത്തിനുള്ള കൂപ്പണും, മൽസരം കാണുന്നതിനുള്ള ടിക്കറ്റും അവര്‍ തനിക്കായി കൊടുത്തയച്ചുവെന്ന് ക്രോഗ് പറയുന്നു.

മൽസരം കാണുന്നതിന് ഒരു ടിക്കറ്റ് മാത്രമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തനിക്കായി നൽകിയതെന്ന് ക്രോഗ് പറയുന്നു. എന്നാൽ ഇന്ത്യൻ ടീമിന്റെ ഡ്രൈവര്‍ക്കായി, താരങ്ങള്‍ മുഖേന നിരവധി ടിക്കറ്റ് നൽകി. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി ടിക്കറ്റ് നൽകാനായാണ് ഇന്ത്യൻ താരങ്ങള്‍ ഡ്രൈവര്‍ക്ക് കൂടുതൽ ടിക്കറ്റ് നൽകിയത്. തനിക്കുവേണ്ടിയും അവര്‍ ടിക്കറ്റ് നൽകി. ഈ ടിക്കറ്റുകള്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് നൽകുകയായിരുന്നുവെന്ന് ക്രോഗ് പറയുന്നു. ഭക്ഷണം കഴിക്കുന്നതിനുള്ള കൂപ്പണ്‍ പലപ്പോഴും വൈകിയാണ് കൊടുത്തുവിട്ടിരുന്നത്. എന്നാൽ ഇന്ത്യൻ ടീം നൽകുന്ന കൂപ്പണ്‍ ഉപയോഗിച്ച് താൻ അതിനോടകം ഭക്ഷണം കഴിച്ചിട്ടുണ്ടാകും. മൽസരശേഷം ഹോട്ടലിൽ എത്തുമ്പോള്‍, റെസ്റ്റോറന്റിൽനിന്ന് ഒരു ഇന്ത്യൻ താരം തനിക്കായി കോഫി ഓര്‍ഡര്‍ ചെയ്യിപ്പിച്ചു നൽകിയത് തന്റെ കണ്ണ നനയിച്ചുവെന്നും ക്രോഗ് പറയുന്നു.