ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്ക് ജീവൻ ലഭിച്ചത് രണ്ടുതവണ. വിരാട് കോലി നൽകിയ ക്യാച്ചുകള്‍ രണ്ടുതവണയാണ് ദക്ഷിണാഫ്രിക്കൻ ഫീൽഡര്‍മാര്‍ വിട്ടുകളഞ്ഞത്. വ്യക്തിഗത സ്‌കോര്‍ 11ൽ നിൽക്കെയാണ് ആദ്യം കോലിയെ പിടികൂടാനുള്ള അവസരം ആതിഥേയര്‍ നഷ്ടപ്പെടുത്തിയത്. കാഗിസോ റബാഡയുടെ പന്തിൽ ഫിലാൻ‍ഡറാണ് കോലിയുടെ ക്യാച്ച് നഷ്‌ടപ്പെടുത്തിയത്. പിന്നീട് എബി ഡിവില്ലിയേഴ്‌സാണ് കോലി നൽകിയ ക്യാച്ച് വിട്ടുകളഞ്ഞത്. ഇന്ത്യ രണ്ടിന് 65 എന്ന നിലയിൽ നിൽക്കെയാണ് കോലിയുടെ ക്യാച്ച് മൂന്നാം സ്ലിപ്പിൽ ഡിവില്ലിയേഴ്‌സിന് കൈയിൽഒതുക്കാനാകാതെ പോയത്. മോണെ മോര്‍ക്കലിന്റെ പന്തിലായിരുന്നു ഡ്രോപ്പ്. ഈ സമയം വ്യക്തിഗത സ്കോര്‍ 34ൽ നിൽക്കുകയായിരുന്നു കോലി. മികച്ച പേസും ബൗണ്‍സുമുള്ള വാണ്ടറേഴ്‌സിലെ പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരെ നേരിടാൻ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.