മലാഗ: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ സ്പെയിന് വമ്പന്‍ ജയം. കോസ്റ്റാറിക്കയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് സ്പെയിന്‍ തകര്‍ത്തത്. സ്പെയിനു വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വ രണ്ടുഗോളുകള്‍ നേടി. ഒരു ഗോളിന് വഴി തുറന്നതും സില്‍വ തൊടുത്ത ഷോട്ടായിരുന്നു. ലോകകപ്പിന് യോഗ്യത നേടിയ ശേഷം വഴങ്ങിയ വലിയ തോല്‍വി കോസ്റ്റാറിക്കക്ക് തിരിച്ചടിയായി.
ആറാം മിനുറ്റില്‍ ജോര്‍ദി ആല്‍ബയാണ് സ്‌പാനിഷ് പടക്കായി ഗോള്‍മഴക്ക് തുടക്കം കുറിച്ചത്. 23-ാം മിനുറ്റില്‍ മോറാട്ടയും 51, 55 മിനുറ്റുകളില്‍ ഡേവിഡ് സില്‍വയും വലകുലുക്കി. 73-ാം മിനുറ്റില്‍ നായകന്‍ അന്ദ്ര ഇനിയസ്‌റ്റയുടെ വകയായിരുന്നു സ്പെയിനിന്‍റെ അവസാന ഗോള്‍. എതിരാളികളുടെ പഴുത് മുതലെടുത്തായിരുന്നു സ്പെയിനിന്‍റെ ആദ്യ നാലുഗോളുകളും.
