ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയത്. വെറും 71 പന്തില്‍നിന്ന് സെഞ്ച്വറിയിലെത്തിയ ധവാന്‍ മാസ്‌മരിക ഫോമില്‍ തന്നെയായിരുന്നു. കരിയറിലെ പതിനൊന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് ധവാന്‍ നേടിയത്. വെറും 90 പന്തില്‍നിന്ന് 132 റണ്‍സെടുത്താണ് ധവാന്‍ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. 20 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്സ്. ഇന്നത്തെ ധവാന്റെ സെഞ്ച്വറികള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
1, കരിയറിലെ പതിനൊന്നാമത്തെ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്കെതിരെ ധാംബുള്ളയില്‍ നേടിയത്
2, ധവാന്റെ കരിയറിലെ 11 സെഞ്ച്വറികളില്‍ ഇന്നത്തെ ഉള്‍പ്പടെ എട്ടെണ്ണം വിദേശത്താണ് നേടിയത്
3, ധവാന്റെ സെഞ്ച്വറികളില്‍ ആറെണ്ണവും ഇന്ത്യ സ്‌കോര്‍ പിന്തുടരുമ്പോള്‍
4, ഇന്നത്തെ ഉള്‍പ്പടെ ധവാന്റെ നാല് സെഞ്ച്വറികള്‍ രാത്രിയില്‍ ഫ്ലഡ് ലൈറ്റിന് കീഴിലാണ് നേടിയത്.
5, ഇന്ന് നേടിയത് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന സെഞ്ച്വറിയായിരുന്നു
6, ശ്രീലങ്കയില്‍ ധവാന്‍ നേടുന്ന ആദ്യ ഏകദിന സെഞ്ച്വറിയാണിത്.
7, ഏഷ്യയില്‍ ധവാന്‍ നേടുന്ന നാലാമത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.
8, ഈ വര്‍ഷം ധവാന്‍ നേടുന്ന രണ്ടാമത്തെ ഏകദിനസെഞ്ച്വറി കൂടിയാണിത്.
ശിഖര്‍ ധവാന്റെ സെഞ്ച്വറി വിശേഷങ്ങള്‍ ഇവിടെക്കൊണ്ട് അവസാനിക്കുന്നില്ല. ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍നിന്ന് 11 സെഞ്ച്വറി നേട്ടത്തില്‍ എത്തിയ കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയെ മറികടക്കാന്‍ ധവാന് സാധിച്ചു. ലാറ 109മത്തെ മല്‍സരത്തിലാണ് പതിനൊന്നാമത്തെ സെഞ്ച്വറി നേടിയത്. എന്നാല്‍ 86മത്തെ മല്‍സരത്തിലാണ് ധവാന്‍ 11 സെഞ്ച്വറി തികച്ചത്. ഡേവിഡ് വാര്‍ണറും 86മത്തെ മല്‍സരത്തിലാണ് ഇത്രയും സെഞ്ച്വറി നേടിയത്. കുറച്ച് മല്‍സരങ്ങളില്‍ 11 സെഞ്ച്വറി തികച്ച നേട്ടത്തില്‍ വിരാട് കോലി(82 മല്‍സരം), ക്വിന്റന്‍ ഡികോക്ക്(65), ഹാഷിം ആംല(64) എന്നിവരാണ് ധവാന് മുകളിലുള്ളത്.
