വിശാഖപട്ടണം: ഇന്ത്യന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍, ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍മാര്‍ നിലംപരിശായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. വിശാഖപട്ടണത്ത് നടന്ന മല്‍സരത്തില്‍ 246 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 405 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഇംഗ്ലണ്ട് 158 റണ്‍സിന് ഔള്‍ ഓട്ടാകുകയായിരുന്നു.

സ്‌കോര്‍- ഇന്ത്യ- 455, 204 & ഇംഗ്ലണ്ട് 255 & 158

രണ്ടിന് 87എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ലഞ്ചിന് ശേഷമാണ് ഓള്‍ ഔട്ടായത്. 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോണി ബെയര്‍സ്റ്റോ ഒഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് മദ്ധ്യനിരയിലോ വാലറ്റത്തിലോ പിടിച്ചുനില്‍ക്കാനായില്ല. 54 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കുവേണ്ടി ആര്‍ അശ്വിന്‍, അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

പരമ്പരയിലെ മൂന്നാമത്തെ മല്‍സരം നവംബര്‍ 26 മുതല്‍ 30 വരെ മൊഹാലിയില്‍ നടക്കും.