മുംബൈ: ബോളിവുഡ് താരം ഋഷി കപൂറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കായിക താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍ ശിഖര്‍ ധവാന്‍, പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ് എന്നിവരെല്ലാം ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്, മുന്‍ ഷൂട്ടിംഗ് താരം രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍, റസ്ലിംഗ് താരം യോഗേശ്വര്‍ ദത്ത് എന്നിവരും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ടു.


രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു താരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളില്‍ വേഷമിട്ട ഇദ്ദേഹം 1973 ല്‍ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. ദി ഇന്റേണ്‍ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.