ളിംപിക്സ് തന്നെയായിരുന്നു 2016ന്റെ ശ്രദ്ധാ കേന്ദ്രം. ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമയാണ് ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിന് ദീപം തെളിച്ചത്. പുതിയ ദൂരവും വേഗവും ഉയരവും കണ്ടെത്താന്‍ കായികതാരങ്ങള്‍ ഒന്നിച്ച ലോകകായിക വേദിയില്‍ അമേരിക്കയും ബ്രിട്ടനും കുതിച്ചപ്പോള്‍ ചൈനയ്ക്ക് കാലിടറി. ട്രാക്കിലും നീന്തല്‍ കുളത്തിലും വെല്ലുവിളികളില്ലാതെ അമേരിക്ക മുന്നേറിയപ്പോള്‍ റഷ്യയുടെ അഭാവം മുതലാക്കിയായിരുന്നു ബ്രിട്ടന്റെ കുതിപ്പ്.ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോയിലെത്തിയ ചൈനയ്ക്ക് കുത്തകയിനങ്ങളില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ പോലുമായില്ല. 46 സ്വര്‍ണമുള്‍പ്പെടെ 121 മെഡലുകളുമായി അമേരിക്ക അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചപ്പോള്‍ 26 സ്വര്‍ണമുള്‍പ്പെടെ 70 മെഡലുകളുമായി ചൈന രണ്ടാമതായി. നീന്തല്‍ കുളത്തില്‍ മൈക്കല്‍ ഫെല്‍പ്സും കാറ്റി ലഡാക്കിയും ജിംനാസ്റ്റിക്സില്‍ സിമോണ്‍ ബൈല്‍സ് ഇതിഹാസങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അമേരിക്ക ചാംപ്യന്‍ ടീമായി. സ്പ്രിന്റിലെ ജമൈക്കന്‍ ആധിപത്യം ഒഴിച്ചുനിര്‍ത്തിയാല്‍ ട്രാക്കിലും അമേരിക്കയ്ക്ക് ഒപ്പമെത്താന്‍ മറ്റാര്‍ക്കുമായില്ല.

വേഗരാജാവായി ബോള്‍ട്ട്

അവസാന ഒളിംപിക്സിനിറങ്ങിയ ട്രാക്കിലെ മിന്നല്‍പ്പിണര്‍ ഉസൈന്‍ ബോള്‍ട്ടും നീന്തല്‍ക്കുളത്തിലെ സ്വര്‍ണമീന്‍ മൈക്കല്‍ ഫെല്‍പ്സും വിടവാങ്ങല്‍ രാജകീയമാക്കി.
100, 200 4*00 റിലേകളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ഇതിഹാസമായത്. റിയോ ഒളിംപിക്സില്‍ നീന്തലില്‍ അഞ്ച് സ്വര്‍ണം കൂടി നേടി അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് ആകെ സ്വര്‍ണനേട്ടം 23 ആക്കി.

ഫുട്ബോളില്‍ ബ്രസീലിന്റെ സ്വപ്നസാഫല്യം; ഹോക്കിയില്‍ പുതിയ ചരിത്രമെഴുതി അര്‍ജന്റീന

ഫുട്ബോളില്‍ അഞ്ചുവട്ടം ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ സ്വന്തം നാട്ടുകാര്‍ക്ക് മുമ്പില്‍ ആദ്യമായി ഒളിംപിക്സ് ഫുട്ബോള്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു. ലോകകപ്പില്‍ നാണം കെടുത്തിയ ജര്‍മനിയെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ബ്രസീലിന്റെ സ്വപ്നസാഫല്യം. ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്കെടുത്ത് ഗോള്‍ നേടിയ നെയ്മര്‍ രാജ്യത്തിന്റെ വിരനായകനായി. ഫുട്ബോളിലെ നഷ്ടം അര്‍ജന്റീന ഹോക്കിയില്‍ തീര്‍ത്തു. ഫൈനലി‍ല്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെ എത്തിയ ബല്‍ജിയത്തെ രണ്ടിനെതിരെ നാലുഗോളുള്‍ക്ക് തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ സ്വര്‍ണ നേട്ടം. ആദ്യമായാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യം ഹോക്കിയല്‍ സ്വര്‍ണം നേടുന്നത്. റിയോയില്‍ ഹോക്കിയില്‍ അര്‍ജന്റീനയെ കീഴടക്കി ഏക ടീം ഇന്ത്യയായിരുന്നുവെന്നതും ശ്രദ്ധേയം.

ഇന്ത്യയുടെ നാണം മറച്ച നാലു പെണ്ണുങ്ങള്‍

കൊട്ടിഘോഷിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും റിയോ താഴ്‌വരയില്‍ ഉദിക്കാതെ അസ്തമിച്ചപ്പോള്‍ ഇന്ത്യയ്ക്കായി ചരിത്രം മാറ്റിയെഴുതിയത് നാലുപെണ്ണുങ്ങള്‍.130 കോടി ജനങ്ങള്‍ക്കും അഭിമാനമായി അവര്‍ പുഞ്ചിരിതൂകി നിന്നു. ലണ്ടനിലെ ആറു മെഡല്‍ നേട്ടം രണ്ടക്കത്തിലെത്തിക്കാനായി റിയോയിലിറങ്ങിയ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലുവുമടക്കം വെറും രണ്ട് മെഡലിലൊതുങ്ങി. ഹോക്കിയില്‍ മലയാളി ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ക്വാര്‍ട്ടര്‍ കളിച്ച് മാനം കാത്തു.

പി വി സിന്ധുവും സാക്ഷി മാലിക്കും പുറത്തെടുത്ത പോരാട്ടവീര്യം കൂടി ഇല്ലായിരുന്നെങ്കില്‍ 130 കോടി ജനത നാണം മറയ്ക്കാനൊരു മെഡല്‍ പോലുമില്ലാതെ തലകുനിച്ചേനെ. മെഡല്‍ നേടിയില്ലെങ്കിലും ജിംനാസ്റ്റിക്സില്‍ ദീപ കര്‍മാക്കറും 32 വര്‍ഷത്തിനുശേഷം ട്രാക്ക് ഇനത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ലളിത ബാബറും ഇന്ത്യുടെ ഹൃദയം നിറച്ചു. മെഡല്‍പ്പട്ടികയില്‍ 67-ാം സ്ഥാനവുമായാണ് റിയോയോട് ഇന്ത്യ വിടപറഞ്ഞത്.

കാല്‍പ്പന്തുകളിയിലെ വിസ്മയവര്‍ഷം

ഫുട്ബോളില്‍ അപ്രതീക്ഷിത കിരീടനേട്ടങ്ങള്‍ കണ്ട വര്‍ഷമാണ് കടന്നുപോവുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരെ അട്ടിമറിച്ച് ആരും സാധ്യത കല്‍പ്പിക്കാത്ത ലെസ്റ്റര്‍ സിറ്റി കിരീടം നേടിയപ്പോള്‍ എണ്ണപ്പണമൊഴുകുന്ന ഇംഗ്ലീഷ് ഫു്ടബോളിന് അത് പുതിയൊരു പാഠവും തിരിച്ചറിവുമായി. ലെസ്റ്ററിന്റെ ജാമി വാര്‍ഡി 24 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി.

ക്ലബ്ബുകളിലെ രാജാവെന്ന പദവിയില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യത്തിന്റെ നായകനാവുന്നതിനും 2016 സാക്ഷ്യം വഹിച്ചു. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടീം അംഗങ്ങള്‍ക്ക് പ്രചോദനവും മാതൃകയുമായി മാറിയ റൊണാള്‍ഡോ ഇതിഹാസ താരങ്ങളായ ലൂയിസ് ഫീഗോയ്ക്കും ഡെക്കോയ്ക്കുമെല്ലാം കൈയകലത്തില്‍ നഷ്ടമായ യൂറോ കിരീടം കൈപ്പിടിയിലൊതുക്കി. രാജ്യത്തിനൊപ്പം തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡിനെയും റൊണാള്‍ഡോ യൂറോപ്പിന്റെ നെറുകയിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ കിരീടം ചൂടിച്ചതില്‍ റോണൊയുടെ ബൂട്ടുകള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അങ്ങനെ റൊണാള്‍ഡോ 2016ലെ ബാലണ്‍ ഡി ഓറിന് അര്‍ഹനാണെന്ന് അടിവരയിട്ടു.

റൊണാള്‍ഡോയ്ക്ക് ഇത് നേട്ടങ്ങളുടെ വര്‍ഷമായിരുന്നെങ്കില്‍ ലിയോണല്‍ മെസ്സിക്കിത് നഷ്ടങ്ങളുടേതായിരുന്നു. ബാഴ്സലോണയെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരാക്കിയ മെസ്സിക്ക് പക്ഷെ കോപ്പ അമേരിക്കയുടെ സെന്റിനറി പതിപ്പില്‍ ടീമിന് കിരീടം നേടിക്കൊടുക്കാനായില്ല. ഫൈനലില്‍ ചിലിക്കെതിരെ പെനല്‍റ്റി പാഴാക്കി മെസി ദുരന്ത നായകനായപ്പോള്‍ തൊട്ടുപിന്നാലെയെത്തിയ മെസിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് ഫുട്ബോള്‍ ലോകം ഞെട്ടി. അര്‍ജന്റീന ആരാധകരുടെയും ഫുട്ബോള്‍ ലോകത്തിന്റെയും അഭ്യര്‍ഥന മാനിച്ച് മെസ്സി മാസങ്ങള്‍ക്കുശേഷം ദേശീയ ജേഴ്സിയിലേക്ക് തിരിച്ചെത്തി.

ഇന്ത്യയിലെ ഫുട്ബോള്‍ വിപ്ലവം

ഐ ലീഗ് ടീമായ ബംഗലൂരു എഫ്‌സി എഎഫ്സി കപ്പിന്റെ ഫൈനലിലെത്തി ചരിത്രമെഴുതി. ഫൈനലില്‍ ഇറാഖ് എയര്‍ഫോഴ്സ് ടീമിനോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബംഗലൂരു അടിയറവ് പറഞ്ഞത്. ബംഗലൂരു ഉയര്‍ത്തിയ ഫുട്ബോള്‍ ആവേശം ഇന്ത്യയില്‍ ഫു്ടബോള്‍ വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും കണ്ടു. കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി കൊല്‍ക്കത്ത രണ്ടാം കിരീടം നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം മുറിഞ്ഞു. എങ്കിലും ഫുട്ബോള്‍ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചാണ് ഐഎസ്എല്ലിന് കൊടിയിറങ്ങിയത്.

ചിറകറ്റ ഷറപ്പോവയും ജോക്കോവിച്ചും

ഉത്തേജക മരുന്നുപയോഗിച്ചുവെന്ന ആരോപണത്തില്‍ വിലക്ക് നേരിടുന്ന റഷ്യയുടെ മരിയ ഷറപ്പോവ  ടെന്നീസ് കോര്‍ട്ടില്‍ നിന്നും ആരാധകരുടെ മനസില്‍ നിന്നും പുറത്തായ വര്‍ഷമാണിത്. പുരുഷ ടെന്നീസില്‍ നൊവാക് ജോക്കോവിച്ചിന്റെ അപ്രമാദിത്വം അവസാനിക്കുന്നതിനും 2016 സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫ്രഞ്ച് ഓപ്പണ്‍ കീരീടങ്ങളോടെ വര്‍ഷം തുടങ്ങിയ ജോക്കോവിച്ചിന് വിംബിള്‍ഡനിലും യുഎസ് ഓപ്പണിലും അടിതെറ്റി. 122 ആഴ്ച കൈവശം വെച്ച ഒന്നാം നമ്പര്‍ പദവി ആന്‍ഡി മറേയ്ക്ക് അടിയറവെച്ച ജോക്കോ ഒളിംപിക്സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ഒളിംപിക്സ് സ്വര്‍ണത്തിന് പുറമെ വിംബിള്‍ഡണിലും കിരീടം നേടിയ ആന്‍ഡി മറേ പുരുഷ ടെന്നീസിലെ പുതിയ അധിപനായി.

മുപ്പത്തിനാലാം വയസ്സിലും പതിനേഴിന്റെ ആവേശത്തോടെയും ചുറുചുറുക്കോടെയും കളിച്ച സെറീന വില്യംസ് വിമ്പിൾഡണില്‍ ഏഴാം കിരീടം നേടി കരിയറിലെ 22-ാം ഗ്രാന്‍സ്ലാമില്‍ മുത്തമിട്ടു. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ലിയാന്‍ഡര്‍ പേസ് മിക്സഡ് ഡബിള്‍സില്‍ മാര്‍ട്ടീന ഹിംഗിസിന്റെ കൂട്ടില്‍  കരിയറില്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുന്നതിനും 2016 സാക്ഷിയായി. ഡേവിസ് കപ്പില്‍ എക്കാലത്തെയും മികച്ച ഫൈനല്‍ പോരാട്ടങ്ങളിലൊന്നില്‍ ക്രൊയേഷ്യയെ കീഴടക്കി അര്‍ജന്റീന ആദ്യമായി ചാമ്പ്യന്‍മാരായി. 2-1ന് പിന്നില്‍ നിന്നശേഷം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയുടെ മികവില്‍ അര്‍ജന്റീന നടത്തിയ തിരിച്ചുവരവിന് സമാനതകളില്ല.

ലോക ചെസിന്റെ അമരത്ത് കാള്‍സന്‍

ലോക ചെസില്‍ കാള്‍സണ്‍ യുഗത്തിന് അടിയവരയിടുന്നതായിരുന്നു ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ അദ്ദേഹത്തിന്റെ കിരീടനേട്ടം. ഫൈനലില്‍ റഷ്യയുടെ സെര്‍ജി കാര്യാക്കിന്റെ ശക്തമായ വെല്ലുവിളിയെ മറികടന്ന കാള്‍സന്‍ തുടര്‍ച്ചയായി രണ്ടാം തവണയും ലോക ചാമ്പ്യനായി.

കബഡിയില്‍ വെല്ലുവിളി മറികടന്ന് ഇന്ത്യ

കബഡിയില്‍ ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ലോകക കിരീടം നേടി. ക്യാപ്റ്റന്‍ അനൂപ് കുമാറിന്റെ മികവിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

ഹോക്കിയില്‍ ചേട്ടന്‍മാരുടെ നഷ്ടം നേട്ടമാക്കി അനുജന്‍മാര്‍

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ഹോക്കിയുടെ ബാവി ഭദ്രമാണെന്ന് തെളിയിച്ചു. 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ജൂനിയര്‍ ലോകകപ്പ് ഹോക്കി കിരീടം നേടുന്നത്.

വിജേന്ദറിന്റെ വിജയക്കുതിപ്പ്

പ്രഫഷണല്‍ ബോക്സിംഗില്‍ അരങ്ങേറ്റം കുറിച്ച വിജേന്ദര്‍ സിംഗ് ആദ്യ കിരീടം നേടി. ഓസ്ട്രേലിയയുടെ കെറി ഹാര്‍പ്പറെ ഇടിച്ചിട്ട് ലോക ബോക്സിംഗ് അസോസിയേഷന്റെ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നേടിയ വിജേന്ദര്‍ വര്‍ഷാന്ത്യത്തില്‍ ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചെക്കയെ ഇടിച്ചുപരത്തി കിരീടം നിലനിര്‍ത്തി.

കൊഹ്‌ലിപ്പടയോട്ടം കണ്ട ക്രിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റില്‍ കൊഹ്‌ലിപ്പടയോട്ടം കണ്ടവര്‍ഷമായിരുന്നു 2016. നാട്ടില്‍ നടന്ന ട്വന്റി-20 ലോകകപ്പിലെ സെമി ഫൈനലില്‍ വെസ്റ്റിന്‍ഡീസില്‍ നിന്ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ധോണിപ്പടയുടെ നിരാശ മറയ്ക്കുന്നതായിരുന്നു ടെസ്റ്റില്‍ കൊഹ്‌ലിയുടെയും സംഘത്തിന്റെയും വിജയക്കുതിപ്പ്. ട്വന്റി-20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ ഫൈനലില്‍ കീഴടക്കി വെസ്റ്റിന്‍ഡീസ് രണ്ടാം തവണയും കിരീടം നേടുന്ന ആദ്യ ടീമായി. ലോകകപ്പിന്റെ ആവേശം വിടും മുമ്പെയെത്തിയ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് കിരീടം നേടിയപ്പോള്‍ വിരാട് കൊഹ്‌ലി ടൂര്‍ണമെന്റിന്റെ താരമായി.

ടെസ്റ്റില്‍ പരാജയമറിയാതെ കുതിച്ച ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടി ധോണിയും സാന്നിധ്യമറിയിച്ചെങ്കിലും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കൊഹ്‌ലിയുടെ വാഴ്ച കണ്ട വര്‍ഷമാണ് കടന്നു പോവുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ അശ്വമേധത്തിന് ചുക്കാന്‍പിടിച്ച് അശ്വിന്‍ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും ടെസ്റ്റ് ക്രിക്കറ്ററുമായി തെരഞ്ഞടെുക്കപ്പെടുകയും ചെയ്തു. വര്‍ഷാവസാനം കരിയറിലെ തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടി കരുണ്‍ നായര്‍ മലയാളികളുടെ അഭിമാനമായി.

2016ലെ കായികലോകത്തിന്റെ സമഗ്ര ചിത്രമല്ല ഇത്. എങ്കിലും പോയവര്‍ഷം കായികപ്രേമികള്‍ക്ക് ഒരേസമയം ആവേശവും ആഘോഷവും പ്രതീക്ഷയും നിരാശയുമെല്ലാം ഒരുപോലെ സമ്മാനിച്ച ഒരുപിടി കളി മുഹൂര്‍ത്തങ്ങള്‍ മാത്രമാണ്.