ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 178 റണ്‍സിന്‍റെ കൂറ്റന്‍ ജയം. മാത്യൂസിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയും സ്‌പിന്നര്‍ അഖില ധനഞ്ജയയുടെ ആറ് വിക്കറ്റ് പ്രകടനവുമാണ് ലങ്കയ്ക്ക് ജയമൊരുക്കിയത്.

കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 178 റണ്‍സിന്‍റെ കൂറ്റന്‍ ജയം. നായകന്‍ എയ്ഞ്ചലോ മാത്യൂസിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയും സ്‌പിന്നര്‍ അഖില ധനഞ്ജയയുടെ ആറ് വിക്കറ്റ് പ്രകടനവുമാണ് ലങ്കയ്ക്ക് ജയമൊരുക്കിയത്. സ്‌കോര്‍- ലങ്ക 299-8, ദക്ഷിണാഫ്രിക്ക 121-10. എന്നാല്‍ ആദ്യ മൂന്ന് ഏകദിനങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. നാലാം ഏകദിനം ലങ്ക മൂന്ന് റണ്‍സിനും ജയിച്ചു. 

ധനഞ്ജയ കളിയിലേയും ഡുമിനി പരമ്പരയിലെയും താരമായി. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാത്യൂസാണ് മികച്ച സ്കോറിലെത്തിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണെങ്കിലും ഒരറ്റത്ത് മാത്യൂസ് രക്ഷാപ്രവര്‍ത്തനം നടത്തി. ഓപ്പണര്‍ ഡിക്ക്‌വെല്ല (43), മെന്‍ഡിസ്(38), സില്‍വ(30), ഷനക(21) എന്നിങ്ങനെയാണ് ശ്രീലങ്കന്‍ താരങ്ങളുടെ മറ്റ് ഉയര്‍ന്ന സ്‌കോര്‍. പ്രോട്ടീസിനായി മുല്‍ഡറും 
ആന്‍ഡിലേയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ഡി കോക്കിന്‍റെ അര്‍ദ്ധ സെഞ്ചുറി(54) മാത്രമാണ് ദക്ഷിണാഫ്രിയുടെ ആശ്വാസം. ധനഞ്ജയ ഒമ്പത് ഓവറില്‍ 29 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. മര്‍ക്രാം 20ഉം ഡുമിനിയും റബാഡയും 12 റണ്‍സ് വീതവുമെടുത്തു. ഒരവസരത്തില്‍ 95ന് എട്ട് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ റബാഡയാണ് 100 കടത്തിയത്. അംലയും ഹെന്‍റിക്കസും അക്കൗണ്ട് തുറന്നില്ല. ഇതോടെ പ്രോട്ടീസ് ഇന്നിംഗ്സ് 24.4 ഓവറില്‍ അവസാനിച്ചു.