കൊളംബോ: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഓവറിലെ ആറ് പന്തും സിക്‌സടിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഓവറിലെ എഴ് പന്തുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയിരിക്കുന്നു ശ്രീലങ്കന്‍ താരം നവിന്ദു പഹസാര. ആഭ്യന്തര ക്രിക്കറ്റ് ലീഗായമുരളി ഗുഡ്നെസ് കപ്പിലാണ് അണ്ടര്‍ 15 താരമായ നവിന്ദു സംഹാരതാണ്ഡവമാടിയത്.
രേവത്ത കോളേജിന്‍റെ താരമായ നവിന്ദു പഹസാര മത്സരത്തില്‍ 89 പന്തുകളില്‍ നിന്ന് 109 റണ്‍സ് അടിച്ചുകൂട്ടി. നവിന്ദുവിന്‍റെ സെഞ്ചുറിക്കരുത്തില്‍ 36 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു രേവത്ത കോളേജ്. എന്നാല്‍ എതിരാളികളായ ധര്‍മ്മപാല കട്ടവ 72 റണ്‍സിന് പുറത്തായതോടെ രേവത 211 റണ്‍സിന് വിജയിച്ചു.
മുത്തയ്യ മുരളീധരനും ഗുഡ്നെസ് ഫൗണ്ടേഷനും ചേര്‍ന്നാണ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുകയാണ് ചാമ്പ്യന്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗും ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സും മാത്രമാണ് ഓവറിലെ ആറ് പന്തുകളും സിക്സ് പറത്തിയിട്ടുള്ളത്.
