ലങ്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇടംകൈയൻ സ്പിന്നര്‍ വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഗോള്‍ ടെസ്റ്റ് അവസാന മത്സരം...

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇടംകൈയൻ സ്പിന്നറായ രങ്കണ ഹെരാത്ത് വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം അരങ്ങേറുന്ന ഗോൾ ടെസ്റ്റോടെയാണ് ഹെരാത്ത് വിരമിക്കുക. നാൽപതുകാരനായ ഹെരാത്ത് ഏറെനാളായി പരിക്കിൻറെ പിടിയിലാണ്. പത്തൊൻപത് വർഷം മുൻപ് ഇതേവേദിയിലാണ് ഹെരാത്ത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 92 ടെസ്റ്റിൽ നിന്ന് 430 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 

ടെസ്റ്റ് ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരിൽ 10-ാം സ്ഥാനക്കാരനാണ് ഹെരാത്ത് ഇപ്പോൾ. മുത്തയ്യ മുരളീധരൻ വിരമിച്ചതിന് ശേഷം ലങ്കൻ സ്പിൻ ബൗളിംഗിൻറെ അമരക്കാരനും ഹെരാത്ത് ആയിരുന്നു. ഹെരാത്തിന്‍റെ വിരമിക്കല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന് വലിയ നഷ്‌ടമാണെന്ന് മുഖ്യ സെലക്‌ടര്‍ ആഷ്‌ലി ഡി സില്‍വ പ്രതികരിച്ചു. ലങ്കയ്ക്ക് ഹെരാത്ത് നല്‍കിയ സംഭാവനകള്‍ക്ക് അദേഹം നന്ദി പറയുകയും ചെയ്തു.