സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ഐസിസി വിലക്കി.

ദുബായ്: സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ഐസിസി വിലക്കി. ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ നിയമവിധേയമല്ലെന്ന് ഐസിസി കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തുടര്‍ന്ന് ബ്രിസ്ബേനിലെ നാഷണല്‍ ക്രിക്കറ്റ് സെന്ററില്‍ ബൗളിംഗ് ആക്ഷന്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയശേഷമാണ് ധനഞ്ജയയ്ക്ക് ബൗളിംഗില്‍ വിലക്കേര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചത്. ബൗള്‍ ചെയ്യുമ്പോള്‍ അനുവദനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ ധനഞ്ജയ കൈ മടക്കുന്നതായി കണ്ടെത്തിയിരുന്നു.

ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയശേഷം വീണ്ടും പരിശോധനകള്‍ക്കായി അപേക്ഷ നല്‍കാന്‍ ധനഞ്ജയക്ക് കഴിയും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 184 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് മാത്രമാണ് ധനഞ്ജയ വീഴ്ത്തിയത്.