പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ കി‍ഡംബി ശ്രീകാന്തിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ കെന്റ നിഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ശ്രീകാന്ത് ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 21-14, 21-13.

ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരനായ ശ്രീകാന്തിന് ഒരിക്കല്‍പോലും വെല്ലുവിളി ഉയര്‍ത്താന്‍ നാല്‍പതാം റാങ്കുകാരനായ ജപ്പാന്‍ താരത്തിനായില്ല. ഒരു വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടം നേടുന്ന നാലാമത്തെ പുരുഷതാരമാണ് ശ്രീകാന്ത്. ഈ വര്‍ഷം അഞ്ചു സൂപ്പര്‍ സീരീസ് ഫൈനല്‍ കളിച്ച ശ്രീകാന്തിന് നാലിലും കിരീടം നേടാനായി.

കഴിഞ്ഞയാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ശ്രീകാന്ത് ഈ വര്‍ഷം നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകളില്‍ കിരീടം സ്വന്തമാക്കിയിരുന്നു. സെമിയില്‍ എച്ച് എസ് പ്രണോയിയെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്.