കേപ്ടൗണ്‍: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മൽസരത്തിലൂടെ, ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ദക്ഷിണാഫ്രിക്കൻ പേസര്‍ ഡേൽ സ്റ്റെയ്‌ന്‍ അത്യപൂര്‍വ്വ നേട്ടത്തിനരികിൽ. ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റെന്ന നേട്ടമാണ് സ്റ്റെയിന് മുന്നിലുള്ളത്. ഇപ്പോള്‍ 85 ടെസ്റ്റിൽനിന്ന് 417 വിക്കറ്റുകളാണ് സ്റ്റെയിനുള്ളത്. 108 മൽസരങ്ങളിൽനിന്ന് 421 വിക്കറ്റുകളുള്ള ഷോണ്‍ പൊള്ളോക്കാണ് സ്റ്റെയിന് മുന്നിലുള്ളത്. നാലു വിക്കറ്റ് കൂടി നേടിയാൽ സ്റ്റെയിന് പൊള്ളോക്കിനൊപ്പം എത്താം. ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിൽ പത്താം സ്ഥാനത്താണ് സ്റ്റെയിന്‍. പൊള്ളോക്ക് ഒമ്പതാമതാണ്. റിച്ചാര്‍ഡ് ഹാഡ്‌ലി(431), കപിൽദേവ്(434) എന്നിവരെ അടുത്തുതന്നെ മറികടക്കാൻ സ്റ്റെയിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തോളിനേറ്റ പരിക്ക് കാരണം ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു സ്റ്റെയ്ൻ. കഴിഞ്ഞ ആഴ്ച നടന്ന സിംബാബ്‌വെയ്ക്കെതിരായ ചതുര്‍ദിന ടെസ്റ്റിൽ സ്റ്റെയിൻ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പനി കാരണം മൽസരത്തിന് ഇറങ്ങിയിരുന്നില്ല.

