ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ശുഭ്മാൻ ഗില്ലിന് നിരാശ. ചത്തീസ്ഗഡിനെതിരായ മത്സരത്തിൽ പഞ്ചാബിനായി ഇറങ്ങിയ താരം ഒരു റൺസ് മാത്രമെടുത്ത് പുറത്തായി.
ന്യൂ ചണ്ഡീഗഡ്: ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് നിരാശ. ചത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിൽ പഞ്ചാബിനായി ബാറ്റിംഗിനിറങ്ങിയ ശുഭ്മാൻ ഗിൽ ഒരു റൺസ് മാത്രമെടുത്ത് പുറത്തായി.
ന്യൂ ചണ്ഡീഗഡിലെ പുതിയ പിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നാലാം നമ്പറിലാണ് ഗിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാൽ വെറും 5 പന്തുകൾ മാത്രം നേരിട്ട ഗില്ലിനെ ചത്തീസ്ഗഡിന്റെ ഇടങ്കയ്യൻ സ്പിന്നർ അജയ് മണ്ഡൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഗില്ലിന്റെ ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് മിഡിൽ സ്റ്റംപ് ഇളക്കി.
രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ട് മത്സരത്തിൽ കളിക്കാതിരുന്ന ഗിൽ, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി മത്സര പരിചയം നേടാനാണ് രണ്ടാം റൗണ്ടിൽ പഞ്ചാബിനായി കളിക്കാനിറങ്ങിയത്. നവംബറിൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമടങ്ങിയ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഗില്ലാണ്. 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ നിലനിർത്താനും ഇന്ത്യയ്ക്ക് ന്യൂസിലൻഡ് പര്യടനം ഏറെ നിർണായകമാണ്.
ന്യൂസിലന്ഡ് പര്യടനത്തിന് സ്വന്തം കൈയില് നിന്ന് പണമെടുത്ത് അഞ്ച് നെറ്റ് ബൗളര്മാരെ പരിശീലനത്തിനായി കൊണ്ടുപോകുമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം സ്വന്തം ചെലവില് നെറ്റ് ബൗളര്മാരെ വിദേശ പര്യടനത്തിനായി കൊണ്ടുപോകുന്നത്. നവംബര് 19ന് വെല്ലിംഗ്ടണിലാണ് ന്യൂസിലന്ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്.
