അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ യുഎഇ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രതീക്ഷയുണ്ടെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. നാളെ ബഹറിനെതിരെയാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ നിര്‍ണായക മത്സരം. തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിനാണ് യു എ ഇയോട് തോറ്റത്. 

തോല്‍വി മറന്നു കഴിഞ്ഞു. ബഹറിനെതിരെയുള്ള മത്സരത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇന്ത്യ ദുര്‍ബല ടീമല്ലെന്ന് എല്ലാവര്‍ക്കും മനസിലായി. ഒത്തൊരുമയാണ് ടീമിന്റെ കരുത്തെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ബഹറിനെതിരെ ഇന്ത്യ ജയിക്കുമെന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൊരുതാന്‍ ഉറച്ചാണ് ഇന്ത്യ എഷ്യന്‍ കപ്പിന് എത്തിയതെന്നും ഛേത്രി പറഞ്ഞു.