സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരുസയെ തോല്‍പ്പിച്ചാണ് ഹാലെപ് ഫൈനലില്‍ പ്രവേശിച്ചത്.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ സിമോണ ഹാലെപ് അമേരിക്കയുടെ സ്ലോനെ സ്റ്റഫന്‍സിനെ നേരിടും. സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരുസയെ തോല്‍പ്പിച്ചാണ് ഹാലെപ് ഫൈനലില്‍ പ്രവേശിച്ചത്. മാഡിസണ്‍ കീസിനെയാണ് സ്റ്റഫന്‍സ് തോല്‍പ്പിച്ചത്. 

മുഗുരുസയ്‌ക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റുമേനിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍ 6-1 6-4. ഫ്രഞ്ച് ഓപ്പണ്‍ നിലവിലെ റണ്ണറപ്പാണ് ഹാലെപ്. 2014ലും ഹാലെപ്പിനായിരുന്നു രണ്ടാം സ്ഥാനം. 2016ലെ ചാംപ്യനാണ് മുഗുരുസ.

മറ്റൊരു അമേരിക്കന്‍ താരം മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്റ്റഫന്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-4 6-4. നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവാണ് സ്റ്റഫന്‍സ്.