ദില്ലി: ആശാന്‍ എന്ന വിളി മറക്കാനാകില്ലെന്ന് കേരള ടീം മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍. ജംഷഡ്പൂര്‍ എഫ്‌സിക്ക് കപ്പ് നേടിക്കൊടുക്കുകയാണ് ഇനിയത്തെ ലക്ഷ്യം. അനസിനെയും ബ്ലാസ്റ്റേഴ്സിന്റെ മെഹ്താബ് ഹുസൈനെയും സ്വന്തമാക്കണം എന്നുള്ളത് നേരത്തെതന്നെയുള്ള ആലോചനയായിരുന്നുവെന്നും കോപ്പല്‍ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആരാധകര്‍ സ്‌നേഹത്തോടെ ആശാന്‍ എന്നുവിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നിയിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ തുടക്കം പതിയെ ആണെങ്കിലും കാണികളുടെ പിന്തുണ മികച്ചതായിരുന്നു. ജംഷഡ്പൂര്‍ എഫ്‌സിയ്ക്ക് മികച്ച ഇന്ത്യന്‍ താരങ്ങളെ കിട്ടിയിട്ടുണ്ട്. അവര്‍ക്ക് നല്ലകളി പുറത്തെടുക്കാന്‍ അവസരം ഒരുക്കണം. 

മികച്ച വിദേശ കളിക്കാരെ തെരഞ്ഞെടുക്കലാണ് അടുത്ത കടമ്പ. പണം കൂടുതല്‍ ചോദിച്ചതുകൊണ്ടാണ് തന്നെ ഈ സീസണില്‍ കേരള ടീം പരിഗണിക്കാതിരുന്നത് എന്ന ഉടമകളുടെ വാദത്തോട് അതേ രീതിയില്‍ പ്രതികരിക്കാനില്ല. തന്നില്‍ വിശ്വാസം അര്‍പ്പിച്ച ജംഷഡ്പൂരിനായി കടുത്ത പരിശ്രമം നടത്തും.