ശ്രീലങ്കൻ സ്പിന്നർ മുത്തയ്യാ മുരളീധരനോട് അംപയർ ഡാരൽ ഹെയർ ചെയ്തത് അനീതിയായിരുന്നുവെന്ന് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ. മുരളീധരന്‍റെ ബൗളിംഗ് ആക്ഷനിലെ പ്രശ്നം കളിക്കളത്തിന് പുറത്ത് പരിഹരിക്കണമായിരുന്നുവെന്നും വോ പറഞ്ഞു.
1995ലെ ബോക്സിംഗ് ഡേ ടെസ്റ്റിലായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവം. ഓസ്ട്രേലിയൻ അംപയർ ഡാരൽ ഹെയർ മുത്തയ്യാ മുരളീധരന്‍റെ പന്തുകൾ തുടർച്ചായി നോബോൾ വിളിച്ചു. അനുവദനീയമായതിൽ കൂടുതൽ കൈ വളയ്ക്കുന്നു എന്നാരോപിച്ചായിരുന്നു ഹെയറിന്‍റെ നടപടി. ക്രിക്കറ്റിലെ ഏറ്റവും വലിയ വേദികളിലൊന്നായ എം സി ജിയിൽ അംപയർ മുരളീധരനെ അപമാനിക്കുക ആയിരുന്നുവെന്ന് ഇരുപത്തിരണ്ട് വർഷങ്ങൾക്കിപ്പുറം സ്റ്റീവ് വോ. അംപയർ ഏമേഴ്സണും മുൻവിധിയോടെ മുരളിയോട് ക്രൂരമായി പെരുമാറി.
മറ്റാർക്കും അനുകരിക്കാനാവാത്ത നൈസർഗിക ബൗളിംഗ് ആക്ഷനായിരുന്നു മുരളിയുടേത്. നേരിടാൻ പ്രയാസമുള്ള ബൗളർ. കാലം ഇത് ശരിവച്ചുവെന്നും സ്റ്റീവ് വോ പറഞ്ഞു. അതേസമയം നോബോള്‍ വിവാദം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുപിന്നിട്ടശേഷം സ്റ്റീവ് വോ മുരളീധരനെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും, അന്ന് മൗനംപാലിച്ചത് ഏറെ വിവാദമായിരുന്നു. അന്ന് ഓസ്‌ട്രേലിയൻ ടീമിലെ ഒരാള്‍പോലും മുരളീധരന് പിന്തുണ കൊടുത്തിരുന്നില്ല.
133 ടെസ്റ്റിൽ 800 വിക്കറ്റ് നേടി, ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരൻ എന്ന തലയെുടപ്പോടെയാണ് മുരളീധരൻ 2010ൽ വിരമിച്ചത്.
