ചെന്നൈ: ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പര സ്മിത്ത്-കോലി പോരാട്ടമാകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. ഏകദിനങ്ങളില്‍ കോലിയും ടെസ്റ്റില്‍ സ്മിത്തും ആണ് മികച്ചവനെന്ന ഓസീസ് മുന്‍നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വിലയിരുത്തലും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇരുടീമും ആദ്യ ഏകദിനത്തിന് ഇറങ്ങിയപ്പോള്‍ കോലിയ്ക്കും സ്മിത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. കോലി പൂജ്യനായി പുറത്തായപ്പോള്‍ സ്മിത്ത് നേടിയത് ഒരു റണ്‍ മാത്രവും. എന്നാല്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും ഫീല്‍ഡിലോ തന്ത്രങ്ങളിലോ കോലി പിഴവൊന്നും വരുത്തിയില്ല. മറുവശത്ത് സ്മിത്ത് ആകട്ടെ രണ്ട് നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട് ഓസീസ് തോല്‍വിക്ക് കാരണക്കാരനാവുകയും ചെയ്തു.
ഫീല്‍ഡില്‍ ഓസീസിന്റെ വിശ്വസ്ത കരങ്ങളാണ് സ്മിത്തിന്റേത്. എന്നാല്‍ സ്മിത്തിന് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിനിടെ അഞ്ചാം ഓവറില്‍ പാറ്റ് കമിന്‍സിന്റെ പന്തില്‍ രോഹിത് ശര്‍മ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ സ്മിത്ത് നിലത്തിട്ടു. രോഹിത് നിലയുറപ്പിക്കാതിരുന്നതുകൊണ്ട് അത് ഓസീസിന് വലിയ തിരിച്ചടിയായില്ല. എന്നാല്‍ 110/5 എന്ന നിലയില്‍ ഇന്ത്യ പതറി നില്‍ക്കുമ്പോള്‍ കോള്‍ട്ടര്‍നൈലിന്റെ പന്തില്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഫസ്റ്റ് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് സ്‌മിത്ത് കൈവിട്ടത് ഓസീസ് ആരാധകരെ ശരിക്കും ഞെട്ടിച്ചു.
ബുദ്ധിമുട്ടുള്ള ക്യാച്ചായിരുന്നെങ്കിലും ഓസ്ട്രേലിയന്‍ നിലവാരത്തില്‍ അത് സ്മിത്തിന് അനായാസം കൈയിലൊതുക്കാമായിരുന്നു. വീണുകിട്ടിയ ജീവന്‍ പരമാവധി മുതലെടുത്ത പാണ്ഡ്യയാകട്ടെ പിന്നീട് തിരിഞ്ഞുനോക്കിയില്ല. അടിച്ചുതകര്‍ത്ത പാണ്ഡ്യ ധോണിയുമൊത്ത് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ അപകടമുനമ്പില്‍ നിന്ന് കരകയറ്റുകയും ചെയ്തു. എന്തായാലും ബാറ്റുകൊണ്ടുള്ള പോരാട്ടത്തില്‍ സ്മിത്തും കോലിയും തമ്മില്‍ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഫീല്‍ഡിലും തന്ത്രത്തിലും കോലി തന്നെയായിരുന്നു വിജയി.
