ഇന്ത്യന്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ചൂടുമ്പോള്‍ ഒരു പേര് ഓര്‍ക്കാതെ വയ്യ. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ യഷസ്വി ജയ്‌സ്വാള്‍. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുമ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത് ജയ്‌സ്വാളിന്റെ 113 പന്തില്‍ 85 റണ്‍സായിരുന്നു.ടൂര്‍ണമെന്റില്‍ 79.50 ശരാശരിയില്‍ 318 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.
മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ചൂടുമ്പോള്‍ ഒരു പേര് ഓര്‍ക്കാതെ വയ്യ. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ യഷസ്വി ജയ്‌സ്വാള്‍. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുമ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത് ജയ്‌സ്വാളിന്റെ 113 പന്തില്‍ 85 റണ്‍സായിരുന്നു.ടൂര്‍ണമെന്റില്‍ 79.50 ശരാശരിയില്‍ 318 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.
എന്നാല്‍ ഇന്ന് കാണുന്ന ജയ്‌സ്വാളായതിന് പിന്നില്‍ കഥ വേറെയാണ്. മഹാരാഷ്ട്രയിലെ ബദോഹി സ്വദേശിയായ ജയസ്വാള്‍ 2012ലാണ് മുംബൈയിലെത്തുന്നത്. പത്താം വയസില്‍, ക്രിക്കറ്റിനോടുള്ള പ്രണയം കൊണ്ട് മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് മാറി. അവന്റെ ഗ്രാമത്തില്‍ നിന്നിന്ന് ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് മുംബൈയിലേക്കുള്ള മാറ്റം.

എന്നാല്‍ അവിടേയും കാര്യങ്ങള്‍ ഒട്ടും സുഗമമായിരുന്നില്ല. ഗ്രൗണ്ടിലേക്കുള്ള ദൂരമായിരുന്നു പ്രധാന പ്രശ്‌നം. പിന്നീട് ക്ഷീരോല്‍പാദന സാധനങ്ങളുടെ കടയിലേക്ക് താമസം മാറ്റി. കൂടെ അവിടെ ചെറിയ ജോലിയും. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ദിക്കേണ്ടതിനാല്‍ മുഴുവന്‍ സമയവും ജോലിയില്‍ മുഴുകാന്‍ സാധിച്ചില്ല. ഒരു ദിവസം പരിശീലനം കഴിഞ്ഞ് വന്നപ്പോള്‍ തന്റെ സാധനങ്ങളെല്ലാം കടയ്ക്ക് പുറത്ത് വച്ചിരിക്കുന്നതാണ് കണ്ടത്.
പിന്നീട് ആസാദ് മൈദാനിലെ മുസ്ലിം യുനൈറ്റഡ് ക്ലബാണ് അഭയം നല്‍കിയത്. അവിടെ ടെന്റിലായിരുന്നു താമസം. എങ്കിലും, ക്രിക്കറ്റര്‍ സ്വപ്‌നത്തിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നു. പണമായിരുന്നു പ്രധാന പ്രശ്‌നം. ഇതോടെ ഒരു ഭക്ഷണശാലയില്‍ റൊട്ടിയുണ്ടാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു ജയ്‌സ്വാള്‍. ക്ലീനിങ് ഉള്‍പ്പെടെയുള്ള ജോലികളും ചെയ്യണം. ഭക്ഷണവും അവിടുന്ന് തന്നെ.

''എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു. മുംബൈയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു ലക്ഷ്യം. ഞാന്‍ ടെന്റില്‍ താമസം തുടര്‍ന്നു. റൊട്ടിയുണ്ടാക്കുന്ന ജോലി തുടര്‍ന്നു. ചില സമയങ്ങളില്‍ ടീമംഗങ്ങള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ആ സമയങ്ങളില്‍ ഏറെ വിഷമിച്ചു. എന്നാല്‍ എന്നെ രൂപപ്പെടുത്തിയത് ഇത്തരം സംഭവങ്ങളായിരുന്നു.'' പിന്നീട് ജയ്‌സ്വാള്‍ പറഞ്ഞു.
എന്നാല്‍ പെട്ടന്നായിരുന്നു മാറ്റങ്ങള്‍ സംഭവിച്ചത്. കോച്ച്, ജ്വാല സിങ്ങിനെ കണ്ടുമുട്ടിയ ശേഷമാണ് ജയ്‌സ്വാള്‍ എന്ന താരം രൂപപ്പെടുന്നത്. ജയ്‌സ്വാളിന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടനായിരുന്നു ജ്വാല. അദ്ദേഹം താരത്തെ കുറിച്ച് പറയുന്നതിങ്ങനെ... ''ഞാന്‍ അവനെ കാണുമ്പോള്‍ 11 അല്ലെങ്കില്‍ 12 വയസ് മാത്രമുണ്ടായിരുന്നുള്ളൂ. ജയ്‌സ്വാളിന്റെ ബാറ്റിഹ് എന്നെ ഒരുപാട് ആകര്‍ഷിച്ചു. ഒന്നാം ഡിവിഷന്‍ ബൗളര്‍മാര്‍ക്കെതിരേ പോലും താരം മനോഹരമായി കളിക്കുന്നു. പിന്നീട് എന്റെ സുഹൃത്താണ് പറയുന്നത്, ഭക്ഷണത്തിനും താമസത്തിനും വേണ്ടി ബുദ്ധിമുട്ടുന്ന കാര്യം...''

പിന്നീടെല്ലാം ജയ്‌സ്വാളിന്റെ വഴിയേ വന്നു. സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 319 റണ്‍സും 99ന് 13 വിക്കറ്റുകളും താരം സ്വന്തമാക്കി. പിന്നാലെ മുംബൈ അണ്ടര്‍ 16 ടീമില്‍ ഇടം കണ്ടെത്തി. അധികം വൈകാതെ അണ്ടര്‍ 19 ദേശീയ ടീമിലും. ഒരു ദിവസം ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമെന്ന് ജ്വാല ഉറച്ച് വിശ്വസിക്കുന്നു.
