കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ദേശീയ സബ്ജൂനിയര്‍ ഫുട്ബോള്‍ സെമിയില്‍ കേരളത്തിന് തോല്‍വി. മേഘാലയോട് തോറ്റ് പുറത്തായി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ മേഘാലയ, മിസോറാമിനെ നേരിടും. പൊരുതികളിച്ച കേരളത്തിന്റെ തോല്‍വി അധികസമയത്തെ ഏക ഗോളിലായിരുന്നു. നിശ്ചിത സമയത്ത് നിരവധി മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ഗോളകന്ന് നിന്നു.

തൊണ്ണൂറ്റി എട്ടാം മിനിറ്റില്‍ പകരക്കാരനായ ബാങ്കിര്‍സാന്‍ സീംലീന്‍ ആണ് മേഘാലയയുടെ വിജയ ഗോള്‍ നേടിയത്. ഗോള്‍ വീണ ശേഷവും നിരവധി മുന്നേറ്റങ്ങള്‍ കേരളം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.പരിശീലനകുറവ് കേരളത്തിന്റെ പ്രകടനത്തെ ബാധിച്ചതായി താരങ്ങളും പരിശീലകനും പറഞ്ഞു.

ആദ്യ സെമിയില്‍ മിസോറാം രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരായ ബംഗാളിനെ തോല്‍പ്പിച്ചു.മിസോറാമും മേഘാലയയും തമ്മിലുള്ള ഫൈനല്‍ വെള്ളിയാഴ്ചയാണ്. കേരളം കഴിഞ്ഞ തവണ സെമി പോലും കാണാതെ പുറത്താവുകയായിരുന്നു.പന്ത്രണ്ട് വര്‍ഷം മുന്‍പ് കോഴിക്കോട് വേദിയായപ്പോഴാണ് കേരളം അവസാനമായി ദേശീയ സബ്‌ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍മാരായത്.