ധോണിക്ക് ഒപ്പമുള്ള സമയത്തെ നിര്‍വചിക്കാനാവില്ലെന്ന് സുധീര്‍

മുംബെെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്നേഹിക്കുന്നവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത ഒരു പേരാണ് സുധീര്‍ ഗൗതം. ഇന്ത്യന്‍ ടീമിന്‍റെ കളികള്‍ ടിവിയില്‍ കാണുമ്പോള്‍ ഒരിക്കല്ലെങ്കിലും ക്യാമറകള്‍ സുധീറനെ തേടി വരും. ത്രിവര്‍ണ പതാക ദേഹത്ത് വരച്ച് സച്ചിന്‍റെ ജഴ്സി നമ്പറായ 10 എന്ന് എഴുതി ത്രിവര്‍ണ പതാക വീശി, ശംഖുനാദം മുഴക്കുന്ന സുധീര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു ഫാന്‍ ഐക്കണ്‍ തന്നെയാണ്.

എന്നാല്‍, സച്ചിന്‍റെ ആരാധകനെ വീട്ടിലേക്കു വിളിച്ച് സത്കരിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ധോണിക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ സുധീര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ക്യാപ്റ്റന്‍ കൂളുമൊത്ത് വളരെ സവിശേഷമായ ദിവസം. വാക്കുകള്‍ കൊണ്ട് ഈ നിമിഷത്തെ നിര്‍വചിക്കാനാവില്ല എന്നൊക്കൊണ് സുധീര്‍ ട്വിറ്ററില്‍ കുറിച്ചു.

ഐപിഎല്‍ കിരീടം നേടിയ ശേഷം ക്യാപ്റ്റന്‍ വിശ്രമിക്കുകയാണെന്നും ധോണിക്കും സാക്ഷിക്കും നന്ദിയെന്നും സുധീര്‍ കുറിച്ചു. രണ്ടു വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവില്‍ ചെന്നെെ സൂപ്പര്‍ കിംഗ്സിനൊപ്പം കിരീടം നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു. ധോണി ഇനി അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്‍റി 20 മത്സരത്തിലാണ് ഇന്ത്യക്കുവേണ്ടി കളിക്കുക.