ഛേത്രിക്ക് ഉപഹാരം കൈമാറിയത് ഐഎം വിജയനും ബൂട്ടിയയും ചേര്‍ന്ന്
മുംബൈ: ഇന്ത്യന് ഫുട്ബോള് ടീം നായകന് സുനില് ഛേത്രിക്ക് രാജ്യാന്തര ഫുട്ബോളില് നൂറിന്റെ നിറവ്. മുംബൈ ഫുട്ബോള് അറീനയില് നൂറാം മത്സരത്തില് കെനിയക്കെതിരെ സമാനതകളില്ലാത്ത ആദരമാണ് ഇതിഹാസ താരത്തിന് അഖിലേന്ത്യ ഫുട്ബോള് ഫെഡറേഷന് ഒരുക്കിയത്. സഹതാരങ്ങളുടെ ഗാര്ഡ് ഓഫ് ഓണര് സ്വീകരിച്ച് ഛേത്രി മൈതാനത്തേക്കിറങ്ങി.
ഇന്ത്യന് ഇതിഹാസങ്ങളായ ഐഎം വിജയനും ബൈച്ചുംഗ് ബൂട്ടിയയും ചേര്ന്ന് ഛേത്രിക്ക് ഉപഹാരം കൈമാറി. അതേസമയം ഛേത്രിയുടെ ഓരോ ചുവടിനും നിര്ത്താതെ പെയ്യുന്ന മഴയെ അവഗണിച്ച് ആര്പ്പുവിളിക്കുകയായിരുന്നു ഗാലറിയില് നിറഞ്ഞൊഴുകിയ ആരാധകര്. അങ്ങനെ സുനില് ഛേത്രിയുടെ നൂറാം മത്സരം ടീം ഇന്ത്യക്കും ആരാധകര്ക്കും മറക്കാനാവാത്ത നിമിഷങ്ങളായി.
മത്സരത്തില് രണ്ട് ഗോളുകള് നേടി ഛേത്രി ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു. ഇതോടെ രാജ്യാന്തര കരിയറില് തന്റെ ഗോള്വേട്ട 61ലെത്തിക്കാന് ഇന്ത്യന് നായകനായി. ഛേത്രി ഇരട്ട ഗോള് നേടിയപ്പോള് കെനിയക്കെതിരെ ഇന്ത്യ അനായാസം മൂന്ന് ഗോളുകളുടെ വിജയം നേടി. വൈക്കിംഗ് ക്ലാപ്പോടെയാണ് നൂറാം മത്സരം കഴിഞ്ഞ് സഹതാരങ്ങളും ആരാധകരും ഛേത്രിയെ മൈതാനത്തുനിന്ന് മടക്കിയത്.
