ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 25 ാം സ്ഥാനത്താണ് ഛേത്രി ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്

ഗോളടിക്കുന്നവരും ഗോളടിപ്പിക്കുന്നവരുമാണ് ഫുട്ബോള്‍ ലോകത്തെ രാജാക്കന്‍മാര്‍. അതുകൊണ്ട് തന്നെയാണ് ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും മാറിയതും. ഫുട്ബോള്‍ ലോകത്തെ ഇതിഹാസങ്ങളായി മാറിക്കഴിഞ്ഞ അര്‍ജന്‍റീനയുടെയും പോര്‍ച്ചുഗലിന്‍റെയും നായകന്‍മാരെക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യന്‍ നായകന്‍ സുനില്‍ഛേത്രി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകഫുട്ബോളില്‍ ദേശീയ ടീമിനായി ഗോള്‍ നേടിയവരുടെ പട്ടികയില്‍ മെസിയുടെ തൊട്ടുപിന്നിലാണ് ഇന്ത്യന്‍ നായകന്‍റെ സ്ഥാനം. ഇനിയും വിരമിച്ചിട്ടില്ലാത്തവരുടെ കാര്യം പരിശോധിച്ചാല്‍ മെസിയും ക്രിസ്റ്റ്യാനോയും മാത്രമാണ് ഗോള്‍വേട്ടയില്‍ ഛേത്രിക്ക് മുന്നിലുള്ളത്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 25 ാം സ്ഥാനത്താണ് ഛേത്രി.

തായ്‌വാനെതിരെ നേടിയ ഹാട്രിക്കോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 59 ആയി. ക്രിസ്റ്റ്യാനോ 81 ഉം മെസി 64 ഉം ഗോളുകളാണ് ദേശീയ ടീമിനായി നേടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഗോള്‍നേടിയവരുടെ കാര്യത്തില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്. ഛേത്രിക്ക് മുന്നില്‍ നിലവില്‍ കളത്തിലുള്ളത് ഇവര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ആധുനിക ഫുട്ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മെസിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്താന്‍ ഛേത്രിക്ക് അഞ്ച് ഗോളുകള്‍ മാത്രം മതി. 

ഇറാന്‍റെ ഇതിഹാസ താരം അലി ദേയിയാണ് ലോകത്തെ മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. 109 തവണയാണ് അലി വലകുലുക്കിയിട്ടുള്ളത്. ഹംഗറിയ്ക്കും സ്പെയിനിനും വേണ്ടി കളിച്ചിട്ടുള്ള പുഷ്കാസാണ് 84 ഗോളുകളുമായി രണ്ടാം സ്ഥാനത്ത്. 77 ഗോള്‍ നേടിയിട്ടുള്ള പെലെ ഏഴാം സ്ഥാനത്താണ്.