ചൈനീസ് തായ്‌പേയിക്കെതിരായ ഇന്ത്യയുടെ ആദ്യ കളി കാണാൻ 2569 പേരാണ് എത്തിയത് സോഷ്യൽ മീഡിയയിലൂടെ സുനില്‍ ഛേത്രി ആരാധകരോട് കളി കാണാൻ എത്തണമെന്ന് അഭ്യർഥിച്ചു
മുംബൈ: ആര്ത്തിരമ്പുന്നതും ആക്രമണ സ്വഭാവമുള്ളതുമായ, ഗ്യാലറികളെ നിശബ്ദമാക്കുന്ന ക്രിക്കറ്റ് നായകന്മാരെ ഇന്ത്യന് കായിക മേഖല പലകുറി കണ്ടിട്ടുണ്ട്. ഗ്യാലറികളിലേക്ക് ആരാധകരെ എത്തിക്കുന്നതും താരങ്ങള് തന്നെയാണ്. ക്രിക്കറ്റ് നായകന്മാര് മാത്രം കാട്ടിയിരുന്ന ആ അത്ഭുത കാഴ്ച ഇന്നലെയാണ് ഇന്ത്യന് ഫുട്ബോളിലും ദൃശ്യമായത്. ഇന്ത്യന് നായകന് സുനില് ഛേത്രിയുടെ വാക്കുകള് ഏറ്റെടുത്ത് ആരാധകര് ഇന്ത്യ- കെനിയ പോരാട്ടം കാണാന് ഗ്യാലറിയിലെത്തിയപ്പോള് അത് ചരിത്രമായി. നിറഞ്ഞുകവിഞ്ഞ ഗ്യാലറിയ്ക്ക് മുന്നിലാണ് ഛേത്രിയും സംഘവും പന്തുതട്ടിയത്.
ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയും കെനിയയുമായുളള പോരാട്ടത്തിന് ദിവസങ്ങള് മുമ്പുവരെയും ടിക്കറ്റെടുക്കാന് ആളില്ലായിരുന്നു. ചൈനീസ് തായ്പേയിക്കെതിരായ ഇന്ത്യയുടെ ആദ്യ കളി കാണാൻ 2569 പേരാണ് മുംബൈ അറീനയിൽ എത്തിയത്. ഇതിന് പിന്നാലെയാണ് ഛേത്രി സോഷ്യൽ മീഡിയയിലൂടെ കളി കാണാൻ എത്തണമെന്ന് അഭ്യർഥിച്ചത്.
ഛേത്രിക്ക് പിന്നില് പ്രമുഖ കായിക താരങ്ങള് കൂടി അണിനിരന്നതോടെ ഇന്ത്യ കെനിയ പോരാട്ടത്തിന്റെ ടിക്കറ്റുകള് ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ആര്ത്തിരമ്പിയെത്തിയ ആരാധകരെ ആവേശത്തിലാക്കി ഏകപക്ഷീയമായ മൂന്ന് ഗോളുകള്ക്ക് ഇന്ത്യ കെനിയയെ തകര്ക്കുകയും ചെയ്തു. നൂറാം മത്സരത്തിനിറങ്ങിയ ഛേത്രി തന്നെയാണ് ഇരട്ടഗോളുകളുമായി പട നയിച്ചത്.
ഗ്യാലറിയില് ഇന്ത്യയ്ക്കുവേണ്ടി ആര്ത്തുവിളിച്ച ആരാധകരോട് ഹൃദയംകൊണ്ട് നന്ദി പറഞ്ഞ ശേഷമാണ് ഇന്ത്യന് നായകന് മടങ്ങിയത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണിതെന്ന് വ്യക്തമാക്കിയ ഛേത്രി നിറഞ്ഞ സ്റ്റേഡിയത്തില് കളിക്കുന്നത് പ്രത്യേക അനുഭവമാണെന്നും കൂട്ടിച്ചേര്ത്തു. ആരാധകരുടെ പിന്തുണയാണ് താരങ്ങളുടെ ശക്തിയെന്നും ഊര്ജ്ജമെന്നും വ്യക്തമാക്കി. ഇത്രയും വലിയ ആരാധകകൂട്ടത്തിന് മുന്നില് കളിക്കുമ്പോള് താരങ്ങള് അവരുടെ കഴിവിന്റെ പരാമാവധി പുറത്തെടുക്കുമെന്നും ഓര്മ്മിപ്പിച്ചു.
