പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ വിജയിച്ചതോടെ ദക്ഷിണാഫ്രിക്കയിലെ ആദ്യ ആദ്യ പരമ്പര വിജയം എന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. അസറുദീന്‍, ഗാംഗുലി, ധോണി തുടങ്ങിയ വിഖ്യാത ഇന്ത്യന്‍ നായകന്‍മാര്‍ക്ക് സ്വന്തമാക്കാനാവാത്ത നേട്ടമാണ് കോലിപ്പട എത്തിപ്പിടിച്ചത്. ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായകമായത് സ്‌പിന്‍ ദ്വയം കുല്‍ദീപ് യാദവിന്‍റെയും യുസ്‌വേന്ദ്ര ചഹലിന്‍റെയും തകര്‍പ്പന്‍ ബൗളിംഗാണ്. 

ഇതുവരെ 30 വിക്കറ്റുകള്‍ വീഴ്ത്തിയ ഇരുവരും വിദേശ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്‌പിന്നര്‍മാരെന്ന റെക്കോര്‍ഡ് പേരിലാക്കിയിരുന്നു. ഇപ്പോള്‍ യുവ സ്‌പിന്‍ വിസ്മയങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. എന്നാല്‍ ഗാവാസ്കര്‍ ഇരുവരെയും താരതമ്യം ചെയ്യുന്നത് ഓസീസ് സ്‌പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനോടെയാണ്. 

എതിരാളികള്‍ക്കെതിരെ ഭയമില്ലാതെ പന്തെറിയുന്ന ഇരുവരും സ്‌പിന്‍ വിസ്മയം വോണിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ഗവാസ്കര്‍ പറയുന്നു. പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന് നേടിയ ആറ് വിക്കറ്റാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായമായത്. അതേസമയം മുത്തയ്യ മുരളീധരനെ മറികടന്ന് ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നറെന്ന നേട്ടത്തില്‍ കുല്‍ദീപ് എത്തിയിരുന്നു.