സിഡ്‌നി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ബാറ്റിങ് ഓര്‍ഡറില്‍ ആറാം സ്ഥാനത്തിന് ഇപ്പോഴും സ്ഥിരം അവകാശികളായിട്ടില്ല. ഹനുമ വിഹാരി, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക് എന്നിവരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇവര്‍ക്കാര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പോലും സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ആറാം സ്ഥാനത്തേക്ക് താരത്തെ നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏറെ പ്രധാനപ്പെട്ട പൊസിഷനായ ആറാം സ്ഥാനത്ത് ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. 

സിഡ്‌നിയില്‍ ഓസീസിനെതിരെ പന്ത് പുറത്തെടുത്ത പ്രകടനാണ് ഗവാസ്‌കറെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. രവീന്ദ്ര ജഡേജ - പന്ത് സഖ്യം 204 റണ്‍സ് കൂട്ടുക്കെട്ടാണ് അന്നുണ്ടാക്കിയത്. പന്ത് 159 റണ്‍സ് നേടിയിരുന്നു. ഈ ഇന്നിങ്‌സാണ് ഗവാസ്‌കറുടെ കണ്ണ് തുറപ്പിച്ചത്. ഗവാസ്‌കര്‍ പറഞ്ഞതിങ്ങനെ...

''സന്തുലിതമായി ഒരു ടീമിനെയാണ് ഒരുക്കുന്നതെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത് ആറാം സ്ഥാനത്തിറങ്ങണം. 30കളും 4കളും അദ്ദേഹം നേടി. പിന്നാലെ 159 റണ്‍സ് സ്വന്തമാക്കി. പന്ത് നന്നായി തുടങ്ങുന്നു. അതുക്കൊണ്ട് തന്നെ അദ്ദേഹത്തെ ആറാം സ്ഥാനത്ത് ഇറക്കണം. അപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം വരും. അങ്ങനെയെങ്കില്‍ ഭേദപ്പെട്ട സ്‌കോറുകളെല്ലാം സെഞ്ചുറിയാക്കാന്‍ പന്തിന് സാധിക്കും.'' ഗവാസ്‌കര്‍ പറഞ്ഞു.