സുനില്‍ നരെയ്ന്‍റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും സംശയത്തിന്‍റെ നിഴലില്‍

ദുബായ്: ഐപിഎല്ലിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വന്‍ തിരിച്ചടി. നൈറ്റ് റൈഡേഴ്സിന്‍റെ വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും സംശയത്തിന്‍റെ നിഴലിലായതാണ് കാരണം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്താര്‍സും ഗ്ലാഡിയേറ്റേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് നരെയ്ന്‍റെ ആക്ഷന്‍ വിവാദത്തിലായത്. 

ഇത് ആദ്യമായല്ല നരെയ്നെതിരെ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ പരാതിയുയരുന്നത്. 2014ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കവെ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കൈ വളയ്ക്കുന്നുണ്ട് എന്ന് കണ്ടെത്തിയ നരെയ്നെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് 2015 ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ താരം ആക്ഷനില്‍ മാറ്റം വരുത്തിയ ശേഷമാണ് ടീമില്‍ തിരിച്ചെത്തിയത്. 

ശ്രീലങ്കയില്‍ നടന്ന മത്സരത്തിനിടെ 2016ല്‍ വീണ്ടും നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ഐസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 
പന്തെറിയുമ്പോള്‍ ബൗളര്‍മാര്‍ക്ക് 15 ഡിഗ്രി കൈ വളയ്ക്കുനുള്ള അനുവാദം മാത്രമാണ് ക്രിക്കറ്റ് നിയമം നല്‍കുന്നത്. നരെയ്നെതിരായ പരാതി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാളാണ് സുനില്‍ നരെയ്ന്‍. താരത്തിനെതിരെ ആക്ഷന്‍റെ പേരില്‍ മുമ്പും പരാതിയുയര്‍ന്നിരുന്നു എന്നതാണ് കൊല്‍ക്കത്തയെ ആശങ്കയിലാക്കുന്നത്. ഏപ്രില്‍ ഏഴിന് ഐപിഎല്‍ ആരംഭിക്കാനിരിക്കേ പന്തും ബാറ്റും കൊണ്ട് അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള നരെയ്നെതിരെ നടപടിയുണ്ടായാല്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകും.