തകര്‍പ്പന്‍ ബാറ്റിങുമായി മുന്നില്‍നിന്നു നയിച്ച ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പി. 59 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറും ഉള്‍പ്പടെ 90 റണ്‍സെടുത്ത വാര്‍ണര്‍ പുറത്താകാതെ നിന്നു. മോയിസ് ഹെന്‍റിക്വസ് 20 റണ്‍സും ദീപക് ഹൂഡ പുറത്താകാതെ 17 റണ്‍സും നേടി. അതേസമയം ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ വെറും രണ്ടു റണ്‍സെടുത്തു പുറത്തായി. മുംബൈയ്‌ക്കുവേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റെടുത്തു. വാര്‍ണര്‍ തന്നെയാണ് കളിയിലെ കേമനും.
സ്‌കോര്‍- മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ ആറിന് 142 & സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 17.3 ഓവറില്‍ മൂന്നിന് 145
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ വാര്‍ണര്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിന് അയയ്‌ക്കുകയായിരുന്നു. 54 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്റെയും 49 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുടെയും മികച്ച ബാറ്റിങാണ് മുംബൈയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 49 പന്തില്‍നിന്നാണ് റായിഡു 54 റണ്‍സെടുത്തത്. എന്നാല്‍ ആക്രമിച്ചുകളിച്ച പാണ്ഡ്യ 28 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും സഹിതമാണ് 49 റണ്‍സെടുത്തത്. ഹൈദരാബാദിനുവേണ്ടി ബരീന്ദര്‍ സ്രാന്‍ മൂന്നു വിക്കറ്റെടുത്തു.
ഈ ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നു. മൂന്നു കളികളില്‍ രണ്ടു പോയിന്റുള്ള സണ്‍റൈസേഴ്‌സ് ആറാം സ്ഥാനത്താണ്. എന്നാല്‍ നാല് കളി പൂര്‍ത്തിയായപ്പോള്‍, മൂന്നെണ്ണവും തോറ്റ മുംബൈ രണ്ടു പോയിന്റോടെ ഏഴാം സ്ഥാനത്താണ്.
