സെമിയില്‍ മോഹന്‍ ബഗാനെ നേരിടും

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ സെമിയുറപ്പിച്ച് ബെംഗളൂരു എഫ്‌സി. ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നെറോക്ക എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ബെംഗളുരു സെമിഫൈനലില്‍ ഇടംനേടിയത്‍. പ്രീതം സിംഗ് നെറോക്കയുടെ ഏക ഗോള്‍ മടക്കി. പതിനേഴിന് നടക്കുന്ന രണ്ടാം സെമിയില്‍ മോഹന്‍ ബഗാനാണ് ബെംഗളൂരുവിന്‍റെ ഏതിരാളികള്‍. 

പതിമൂന്നാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ബെംഗളൂരു മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിക്ക് മുമ്പ് ഗോള്‍മടക്കി നെറോക്ക കരുത്തുകാട്ടി. രണ്ടാം പകുതിയില്‍ 55-ാം മിനുറ്റില്‍ വലകുലുക്കി ഛേത്രി വീണ്ടും നീലപ്പടയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോളും നേടി ഛേത്രി ഹാട്രിക്കും ബെംഗളൂരുവിന്‍റെ സെമിയും ഉറപ്പിക്കുകയായിരുന്നു. ഏപ്രില്‍ 20നാണ് സൂപ്പര്‍ കപ്പ് ഫൈനല്‍.