ബംഗളുരു എഫ്‌സി- ഈസ്റ്റ് ബംഗാള്‍ കലാശപ്പോര് വൈകിട്ട് നാല് മണിക്ക്

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് ജേതാക്കളെ ഇന്നറിയാം. ഐഎസ്എല്‍ റണ്ണേഴ്സ് അപ്പായ ബംഗളുരു എഫ്‌സിയും ഐ ലീഗില്‍ നാലാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഭുവനേശ്വറില്‍ വൈകിട്ട് നാല് മണിക്കാണ് മത്സരം. ഐ ലീഗില്‍ നിന്ന് ഐഎസ്എല്ലിലേക്ക് ചേക്കേറിയ 
ബംഗളുരു എഫ്‌സി സീസണിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. 

സുനില്‍ ഛെത്രി, മികു, ഉദാന്ത സിംഗ് എന്നിവരടങ്ങിയ മുന്നേറ്റനിരയാണ് ബി എഫ് സിയുടെ കരുത്ത്. സൂപ്പര്‍ കപ്പിലെ ഗോള്‍വേട്ടയില്‍ മുന്നിലുണ്ട് ഛേത്രിയും മിക്കുവും. എന്നാല്‍ കറ്റ്സൂമി, ഡുഡു എന്നിവരിലൂടെ മറുപടി നല്‍കാമെന്നാണ് ഈസ്റ്റ് ബംഗാളിന്‍റെ കണക്കുകൂട്ടല്‍. അതേസമയം ഡുഡുവിന്‍റെ ശാരീരികക്ഷമത സംബന്ധിച്ച ആശങ്കകളിലാണ് കോച്ച് ഖാലിദ് ജമീല്‍.

ഈസ്റ്റ് ബംഗാളിന് കരുത്തരായ ബി എഫ് സിക്കെതിരെ അധികം അവസരങ്ങള്‍ പാഴാക്കാനാകില്ല. മലയാളി ഗോള്‍കീപ്പര്‍ ഉബൈദിന്‍റെ മികച്ച ഫോമും ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നല്‍കും. ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന എട്ട് മത്സരങ്ങളില്‍ അഞ്ചിലും കൊല്‍ക്കത്തന്‍ ടീം ജയിച്ചിട്ടുണ്ടെങ്കിലും അര്‍ധാവസരങ്ങള്‍ പോലും മുതലാക്കുന്ന നിലവിലെ ബംഗളുരു ടീമിന് നേരിയ മേല്‍ക്കൈ അവകാശപ്പെടാം.