രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് മഞ്ഞപ്പട തോല്‍വി വഴങ്ങിയത്
ഭുവനേശ്വര്: സൂപ്പര് കപ്പില് നെറോക്ക എഫ്സിയോട് 3-2ന് തോറ്റ് ക്വാര്ട്ടര് ഫൈനല് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. രണ്ട് ഗോളിന് മുന്നില് നിന്ന ശേഷം മൂന്ന് ഗോള് വഴങ്ങിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. അവസാന 12 മിനുറ്റ് കളി വരുതിയിലാക്കി നെറോക്ക മത്സരം തട്ടിയെടുക്കുകയായിരുന്നു. വിക്ടര് പുള്ഗയും മലയാളി താരം കെ. പ്രശാന്തുമാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്.
പൂള്ഗയിലൂടെ സൂപ്പര് തുടക്കം
പതിനൊന്നാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന് നിര്ണായ ലീഡ് സമ്മാനിച്ച ആദ്യ ഗോള് വീണത്. മിലാന് സിംഗിന്റെ ക്രോസ് നെറോക്ക താരം ഗൗരാമാങ്കിയുടെ കൈയില് തട്ടിയതിന് റഫറി പെനാള്ട്ടി സ്പോട്ടിലേക്ക് വിരല്ചൂണ്ടി. കിക്കെടുത്ത വിക്ടര് പുള്ഗ അനായാസം പന്ത് വലയിലാക്കി. ഈ ഗോളോടെ ആദ്യ പകുതിയില് 1-0ന്റെ ലീഡോടെ ബ്ലാസ്റ്റേഴ്സ് കളിയവസാനിപ്പിച്ചു.
മലയാളിക്കിലുക്കം
രണ്ടാം പകുതിയുടെ തുടക്കത്തില് ജിംഗാന് പകരക്കാരനായി മലയാളി താരം റിനോ ആന്റോ മൈതാനത്തിറങ്ങി. 49-ാം മിനുറ്റില് കേരളത്തിന്റെ അഭിമാനമുയര്ത്തി പ്രശാന്ത് പന്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്സിന്റെ കൃത്യമായ ആസൂത്രണം പ്രകടമായ ഗോള്. പെസിക് മറിച്ചുനല്കിയ പന്തില് കാല്വെക്കാതെ പെക്കൂസണ് അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. എന്നാല് വലതുമൂലയില് നിന്ന് പാഞ്ഞുകയറിയ പ്രശാന്ത് വലകുലുക്കി.
ഇരട്ട പ്രഹരം
കേരളത്തിനെതിരെ തിരിച്ചടിക്കാന് നെറോക്ക എഫ്സിക്ക് 71-ാം മിനുറ്റ് വരെ കാത്തുനില്ക്കേണ്ടിവന്നു. കോര്ണര് കിക്കില് ലഭിച്ച അവസരം ജോച്ചിംസ് ലക്ഷ്യം കണ്ടതോടെ നെറോക്ക ആശ്വാസ ഗോള് നേടി. 80-ാം മിനുറ്റില് വീണ്ടും വലകുലുക്കി നെരോക്ക സമനില പിടിച്ചു. അളന്നുമുറിച്ച ക്രോസിന് തലവെച്ച് അര്യന് വില്യംസ് നെരോക്കയെ ഒപ്പമെത്തിച്ചതോടെ സ്കോര് 2-2.
ആന്റി ക്ലൈമാക്സ്
നാടകീയമായിരുന്നു പിന്നീടുള്ള കളി. ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കിയ 82-ാം മിനുറ്റ്. നെറോക്കന് മുന്നേറ്റം ബോക്സിനുള്ളില് പ്രതിരോധ താരം വെസ് ബ്രൗണിന്റെ കയ്യില് തട്ടിവീണു. അതോടെ മത്സരത്തിലെ രണ്ടാം പെനാള്ട്ടിക്ക് റഫറി വിരല്ചൂണ്ടി. ഫെലിക്സ് ചിദി കിക്കെടുത്തപ്പോള് ബാറിനുകീഴെ റെച്ച്ബൂക്ക നിസഹായകനായി. നെറോക്കയ്ക്ക് 3-1ന്റെ ലീഡ്. പിന്നീട് ഉയര്ത്തെഴുന്നേല്ക്കാന് മഞ്ഞപ്പടയ്ക്ക്ക്ക് ആയുസ് ബാക്കിയുണ്ടായിരുന്നില്ല.
