ബി.സി.സി.ഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മരവിപ്പിച്ചു. ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകൾ നടപ്പാക്കാത്ത അസോസിയേഷനുകൾക്ക് ബി.സി.സി.ഐ ഫണ്ട് നൽകരുതെന്നും കോടതി ഉത്തരവിട്ടു. ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാൻ ജസ്റ്റിസ് ലോധ സമിതിയോട് പ്രത്യേക പാനലിനെ നിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകൾ നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബി.സി.സി.ഐക്കുമേൽ കടുത്ത സാമ്പത്തിക നിയന്ത്രണമാണ് സുപ്രീംകോടതി കൊണ്ടുവന്നിരിക്കുന്നത്. ബി.സി.സി.ഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ലോധ സമിതി ശുപാര്‍ശകൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്ന അസോസിയേഷനുകൾക്ക് മാത്രമെ ബി.സി.സി.ഐ ഇനി ഫണ്ട് നൽകാൻ പാടുള്ളു.

ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താൻ ജസ്റ്റിസ് ലോധ സമിതിക്ക് കോടതി നിര്‍ദ്ദേശം നൽകുകയും ചെയ്തു. ബി.സി.സി.ഐക്കുമേലുള്ള സാമ്പത്തിക നിയന്ത്രണം ക്രിക്കറ്റ് മാച്ചുകളെ ബാധിക്കുമോ എന്ന ആശങ്കകൾ ശക്തമാണ്. ക്രിക്കറ്റിനെ ശുദ്ധീകരിക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് ജസ്റ്റില് ആര്‍.എം.ലോധ പ്രതികരിച്ചു.അടുത്ത 10 വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണ കരാര്‍ നല്‍കാന്‍ ബിസിസിഐ തയാറെടുക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകൾ നടപ്പാക്കാൻ എന്താണ് തടസ്സമെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷൻ അനുരാഗ് ഠാക്കൂർ ലോധ സമിതിയെ അറിയിക്കണം. അതിനായി അനുരാഗ് ഠാക്കൂർ നേരിട്ട് ലോധ സമിതിക്ക് മുമ്പാകെ ഹാജരാകണം. ലോധ സമിതി ശുപാര്‍ശകൾ നടപ്പാക്കുന്നതിന് ബി.സി.സി.ഐക്കുള്ള തടസ്സങ്ങൾ എന്തൊക്കെ എന്ന് വിശദീകരിച്ച് ഡിസംബര്‍ 3ന് മുമ്പ് സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകുകയു്ം വേണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസില്‍ ഇനി ഡിസംബര്‍ അഞ്ചിന് തുടര്‍ വാദം കേള്‍ക്കും.