അംസ്റ്റര്‍ഡാം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ക്രിക്കറ്റിനെ കൈ അകലത്തില്‍ നിര്‍ത്തി പ്രവാസ ജീവിതം ആഘോഷിക്കുകയാണ്. ഐപിഎല്ലില്‍ ടീമില്‍ സ്ഥാനം ലഭിക്കാഞ്ഞതിന് പിന്നാലെ റെയ്‌ന ക്രിക്കറ്റില്‍ നിന്ന് അകലുന്നതിന്റെ സൂചനകളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയക്കൊപ്പം നെതര്‍ലന്‍ഡിലാണ് നിലവില്‍ റെയ്‌ന. 

ഇംണ്ടിനെതിരെ ട്വന്റി-20 യിലാണ് റെയ്‌ന അവസാനമായി ടീമിനായി പാഡണിഞ്ഞത്. ഐപിഎല്ലില്‍ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചെങ്കിലും റെയ്‌നയെ ചാമ്പ്യന്‍സ്‌ട്രോഫിയിലോ, വിന്‍ഡീസ് പരമ്പരയിലോ സ്ഥാനം ലഭിച്ചില്ല. പിന്നാലെ ബിസിസിഐ യുടെ കരാറില്‍ നിന്നും റെയ്‌നയെ പുറത്താക്കിയിരുന്നു. ഭാര്യ ജോലി ചെയ്യുന്ന നെതര്‍ലന്‍ഡിലാണ് റെയ്‌ന ഇപ്പോള്‍. അതേസമയം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ റെയ്‌ന വിദേശത്ത് പരിശീലനം തുടരുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

നെതര്‍ലണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും റെയ്‌നയും കുടുംബവും സന്ദര്‍ശിച്ചിരുന്നു. വിവാഹത്തിനു ശേഷം റെയ്‌ന എല്ലായ്‌പ്പോഴും ഭാര്യയ്‌ക്കൊപ്പമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 2015 ഒക്‌ടോബറിലാണ് അദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്.