ആംസ്റ്റര്‍ഡാം: ക്രിക്കറ്റില്‍ നിന്ന് അകന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സുരേഷ് റെയ്ന വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുമോ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള കഠിന പരിശീലനത്തിലാണിപ്പോള്‍ റെയ്ന. ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം ഇപ്പോള്‍ നെതര്‍ലന്‍ഡ്സിലാണ് റെയ്നയുള്ളത്. അവിടെ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന് കീഴില്‍ പരിശീലനം നടത്തുകയാണ് താനിപ്പോഴെന്നാണ് റെയ്ന ട്വീറ്റ് ചെയ്തത്. കിര്‍സ്റ്റനൊപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും റെയ്ന ട്വീറ്റ് ചെയ്തിട്ടുണ്ട്.
വളരെ മനോഹരമാണ് അതുല്യ പ്രതിഭയായ ഇദ്ദേഹത്തോടൊപ്പം പരിശീലിക്കാന്‍. അദ്ദേഹത്തില്‍ നിന്ന് വളരെ അധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും റെയ്ന ട്വിറ്ററില്‍ കുറിച്ചു. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ റെയ്ന വിവാഹശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെയാണ് ക്രിക്കറ്റില്‍ നിന്നകന്നത്.
റെയ്നയ്ക്ക് പകരം യുവരാജ് സിംഗാണ് ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ നാലാം നമ്പറില്‍ കളിക്കുന്നത്. യുവരാജിന്റെ മോശം ഫോം റെയ്നയ്ക്ക് തിരിച്ചുവരവിനുള്ള സാധ്യത തുറന്നിടുണ്ട്.
