നോര്‍ത്തേണ്‍ വാരിയേര്‍സിനെതിരായ മത്സരത്തില്‍ പാക്തൂണ്‍സ് നായകനായ അഫ്രിദി 14 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. ആറാമനായി ബാറ്റിംഗിനിറങ്ങിയ അഫ്രിദി...

ഷാര്‍ജ: ടി10 ക്രിക്കറ്റ് ലീഗില്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയുടെ ബാറ്റിംഗ് വെടിക്കെട്ട്. നോര്‍ത്തേണ്‍ വാരിയേര്‍സിനെതിരായ മത്സരത്തില്‍ പാക്തൂണ്‍സ് നായകനായ അഫ്രിദി 14 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. ആറാമനായി ബാറ്റിംഗിനിറങ്ങിയ അഫ്രിദി പുറത്താകാതെ 17 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറുമടക്കം 59 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്തൂണ്‍സ് അഫ്രിദി വെടിക്കെട്ടില്‍ 10 ഓവറില്‍ അഞ്ച് വിക്കറ്റിന് 135 റണ്‍സാണെടുത്തത്. 

എന്നാല്‍ മറുപടി ബാറ്റില്‍ റോവ്‌മാന്‍ പവല്‍ തിരിച്ചടിച്ചെങ്കിലും വാരിയേഴ്‌സ് 13 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 10 ഓവറില്‍ നാല് വിക്കറ്റിന് 122 റണ്‍സാണ് വാരിയേഴ്‌സിന് എടുക്കാനായത്. പുറത്താകാതെ 35 പന്തില്‍ ഒമ്പത് സിക്‌സും നാല് ബൗണ്ടറിയും സഹിതം 80 റണ്‍സെടുത്ത പവലിന്‍റെ പ്രകടനം പാഴായി. 24 റണ്‍സെടുത്ത സിമ്മണ്‍സാണ് രണ്ടക്കം കടന്ന മറ്റൊരു താരം.

മുഹമ്മദ് ഇര്‍ഫാന്‍ രണ്ടും ഷറഫുദീന്‍ അഷ്‌റഫ് ഒരു വിക്കറ്റും വീഴ്‌ത്തി. രണ്ട് ഓവര്‍ എറിഞ്ഞ അഫ്രിദി 25 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Scroll to load tweet…