ചെന്നൈ: തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ആറിന് 104 എന്ന പരിതാപകരമായ അവസ്ഥയിലാണ്. വി.എ. ജഗദീഷ് (7), അക്ഷയ് ചന്ദ്രന്‍ (1) എന്നിവരാണ് ക്രീസില്‍. 59 റണ്‍സെടുത്ത പി. രാഹുലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ സ്ഥാനം മാറിയിട്ടും സഞ്ജുവിന് രണ്ടക്കം കാണാന്‍ സാധിച്ചില്ല. 

അരുണ്‍ കാര്‍ത്തിക് (22), ജലജ് സക്‌സേന (4), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (1), വിഷ്ണു വിനോദ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. തമിഴ്‌നാടിന് വേണ്ടി ടി. നടരാജന്‍, റാഹില്‍ ഷാ, സായ് കിഷോര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ, തമിഴ്‌നാടിന്റെ ആദ്യ ഇന്നിങ്‌സ് 268ല്‍ അവസാനിച്ചിരുന്നു. പേസര്‍മാരായ സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി നാലും വിക്കറ്റ് വീഴ്ത്തി. നേരത്തെ വന്‍തകര്‍ച്ചയെ നേരിട്ടിരുന്ന തമിഴ്‌നാടിനെ ഷാറുഖ് ഖാന്‍ പുറത്താവാതെ നേടിയ 92 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്ത് 87 റണ്‍സെടുത്ത് പുറത്തായിരുന്നു. 29 റണ്‍സെടുത്ത എം. മുഹമ്മദ് മികച്ച പിന്തുണ നല്‍കി.