ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മൽസരത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍, ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത് ടീമിലെ യുവ പേസര്‍മാര്‍. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നൽകി, പുതുമുഖങ്ങളെ ടീമിൽ ഉള്‍പ്പെടുത്തിയതിന് ബിസിസിഐ വ്യക്തമായ ലക്ഷ്യമുണ്ട്. ദക്ഷിണാഫ്രിക്ക പോലെ വരാനിരിക്കുന്ന വിദേശ പര്യടനങ്ങള്‍ക്ക് മുമ്പ് ഇന്ത്യൻ പേസാക്രമണ നിരയെ ഉടച്ചുവാര്‍ക്കുകതന്നെയാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. ജസ്‌പ്രിത് ബുംറ നയിക്കുന്ന പേസാക്രമണനിരയിൽ മൊഹമ്മദ് സിറാജ്, മലയാളി താരം ബേസിൽ തമ്പി, ജയ്ദേവ് ഉനദ്കത് എന്നിവരും ടീമിലുണ്ട്. ഇവരുടെ ബൗളിങ് പരിശീലനത്തിന്റെ ചിത്രങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ടീമിന്റെ പുതിയ ബൗളിങ് കോംബിനേഷനാണിതെന്ന് പരിശീലകൻ രവി ശാസ്‌ത്രി വ്യക്തമാക്കുകയും ചെയ്തു. ഇപ്പോള്‍ ടീമിൽ ഉള്‍പ്പെടുത്തിയ യുവ പേസര്‍മാരെയെല്ലാം മൂന്നു മൽസരങ്ങളിലായി കളിപ്പിക്കണമെന്നാണ് ടീം മാനേജ്മെന്റിന് ബിസിസിഐ നൽകിയിരിക്കുന്ന നിര്‍ദ്ദേശം. ദക്ഷിണാഫ്രിക്കൻ പര്യടനം കണക്കിലെടുത്ത് മുതിര്‍ന്ന താരങ്ങളായ ഭുവനേശ്വര്‍കുമാര്‍, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് വിശ്രമം നൽകിയാണ് ബേസിൽ ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് അവസരം നൽകിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ഇന്ത്യൻ പേസാക്രമണനിരയെ ഉടച്ചുവാര്‍ക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. രഞ്ജി ട്രോഫിയിൽ ഉമേഷ് യാദവിന്റെ പ്രകടനം നിരാശാജനകമായ സാഹചര്യത്തിൽ ബേസിൽ തമ്പി ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്താൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള നിശ്ചിത ഓവര്‍ മൽസരങ്ങളിൽ ടീമിലെത്താനാകും. ടെസ്റ്റ് ടീമിനൊപ്പം നെറ്റ് പരിശീലനത്തിനായി ബേസിൽ ഉള്‍പ്പടെയുള്ള യുവതാരങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന വിദേശ പര്യടനങ്ങളും 2019ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പും കണക്കിലെടുത്താണ് പേസാക്രമണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതിനായാണ് കൂടുതൽ ചെറുപ്പക്കാരെ ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Scroll to load tweet…