ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ബിസിസഐയ്‌ക്കും ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ നൈകിനോട് കടുത്ത അതൃപ്തി. കഴിഞ്ഞ കുറേ കാലമായി ടീം അംഗങ്ങള്‍ക്കായി നല്‍കുന്ന ജഴ്‌സിയും മറ്റും നിലവാരമില്ലാത്തതാണ് ടീം അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് നായകന്‍ വിരാട് കോലി ഉള്‍പ്പടെയുള്ള താരങ്ങള്‍ നിരവധി തവണ ബിസിസിഐയോട് പരാതി പറഞ്ഞു. ഇത് മാറ്റി നല്‍കണമെന്ന് ബിസിസിഐ പലതവണ ആവശ്യപ്പെട്ടെങ്കിലും നൈകി തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് നേരിട്ടും ഇ-മെയിലുകള്‍ വഴിയും നൈകിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐ വക്താവ് പറയുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് ഇപ്പോള്‍ ബിസിസിഐ പറയുന്നത്. സുപ്രീംകോടതി നിയോഗിച്ച ക്രിക്കറ്റ് ഉപദേശകസമിതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നിട്ടുണ്ട്. വേണ്ടരീതിയില്‍ ഇടപെട്ടില്ലെങ്കില്‍, നൈകിയുമായുള്ള കരാര്‍ റദ്ദാക്കുന്ന കാര്യം ബിസിസിഐ ആലോചിച്ചുവരികയാണ്. 2016 ജനുവരി ഒന്നുമുതല്‍ 2020 സെപ്റ്റംബര്‍ വരെയാണ് നൈകി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. 370 കോടി രൂപയുടേതാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍. ഒരു മല്‍സരത്തിന് ഏകദേശം 90 ലക്ഷത്തോളം രൂപയാണ് നൈകി ബിസിസിഐയ്‌ക്കായി നല്‍കുന്നത്.