മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി. ശ്രേയസ് അയ്യരാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ നായകന്‍. അവസാന രണ്ട് മത്സരങ്ങളില്‍ റിഷഭ് പന്ത് ടീമിനെ നയിക്കും.
ഐപിഎല്ലിലെ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയ ബേസില്‍ തമ്പി ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പരമ്പരയിലും മികവുറ്റ പ്രകടനം നടത്തിയിരുന്നു. ഒക്ടോബര്‍ ആറിന് വിശാഖപട്ടണത്താണ് ഏകദിന പരമ്പര തുടങ്ങുന്നത്. ശര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ധാര്‍ഥ് കൗള്‍, മുഹമ്മദ് സിറാജ്, എന്നിവരാണ് ബേസിലിനെ കൂടാതെ ടീമിലെ മറ്റ പേസര്‍മാര്‍.
ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ടീമിനെതിരായ പരിശീലന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കരുണ്‍ നായരാണ് ബോര്‍ഡ് ടീമിലെ മലയാളി സാന്നിധ്യം. ശ്രേയസ് അയ്യര്‍ തന്നെയാണ് ബോര്‍ഡ് ടീമിനെയും നയിക്കുക. ഇരു ടീമുകളിലും മലയാളി താരം സഞ്ജു സാംസണ് ഇടം നേടാനായില്ല.
