ദുബായ്: സാങ്കേതിക വിദ്യയുടെ വളര്‍ച്ച കളിക്കളത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റില്‍ ഓരോ കളിക്കാരന്റെയും പ്രകടനം വിലയിരുത്താനും മികച്ച കളി പുറത്തെടുക്കാനും ഇന്ന് സാങ്കേതിക വിദ്യ ഏറെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. ആസ്റ്റര്‍ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

എല്ലാ മേഖലയിലുമെന്ന പോലെ തന്നെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച കളിക്കളത്തിലും പോസീറ്റീവായി പ്രതിഫലിക്കുന്നുണ്ട്. ക്രിക്കറ്റില്‍ പഴയ കളികളുടെ വിവരങ്ങള്‍ വിലയിരുത്തി ഒരു കളിക്കാരന് കൂടുതല്‍ വ്യത്യസ്തമായി കളി ആസൂത്രണം ചെയ്യാന്‍ സാങ്കേതിക വിദ്യ സഹായിക്കുന്നുണ്ടെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ആരോഗ്യ രംഗത്തെ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാന്‍ ദുബായില്‍ എത്തിയതായിരുന്നു അദ്ദേഹം. ആസ്റ്റര്‍ ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന പേരിലുള്ള വെബ്സൈറ്റ് വഴി ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളും അവരവരുടെ വീടുകളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ ഫാര്‍മസിയുടെ ഇരുനൂറാമത് ശാഖയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.