ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്കായി കൗമാരതാരം പൃഥ്വി ഷാ അരങ്ങേറ്റം കുറിച്ചേക്കും. ഫോമിലല്ലാത്ത ഓപ്പണര്‍ കെ എല്‍ രാഹുലിന് പകരം പൃഥ്വി ഷാ ടീമിലെത്തുമെന്നാണ് സൂചന

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്കായി കൗമാരതാരം പൃഥ്വി ഷാ അരങ്ങേറ്റം കുറിച്ചേക്കും. ഫോമിലല്ലാത്ത ഓപ്പണര്‍ കെ എല്‍ രാഹുലിന് പകരം പൃഥ്വി ഷാ ടീമിലെത്തുമെന്നാണ് സൂചന. മറ്റൊരു ഓപ്പണറായ ശീഖര്‍ ധവാന് മികച്ച തുടക്കം ലഭിക്കുന്നുവെങ്കിലും അതൊന്നും വലിയ സ്കോറാക്കി മാറ്റാനാവുന്നില്ലെന്നതും ക്യാപ്റ്റന്‍ വിരാട് കോലിയെ കുഴയ്ക്കുന്ന പ്രശ്നമാണ്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരമാണ് പതിനെട്ടുകാരനായ മുംബൈ താരം.

മുരളി വിജയ്‌ക്ക് പകരം നാലാം ടെസ്റ്റിന് മുന്‍പാണ് പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മധ്യനിരയില്‍ തിളങ്ങാതിരുന്ന റിഷഭ് പന്തിനെ ഓപ്പണറാക്കി പുതുമുഖ താരം ഹനുമാ വിഹാരിയെ മധ്യനിരയില്‍ കളിപ്പിക്കണമെന്ന നിര്‍ദേശവും ടീം മാനേജ്മെന്റിന്റെ മുന്നിലുണ്ട്.

പരുക്കില്‍നിന്ന് പൂര്‍ണ മോചിതനാവാത്ത ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും അന്തിമ ഇലവനിലെത്തിയേക്കും.നാലാം ടെസ്റ്റിലെ തോല്‍വിയോടെ പരമ്പര ഇന്ത്യക്ക് നഷ്‌ടമായിരുന്നു.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ ഓവലില്‍ ജയിച്ച് പരാജയ ഭാരം കുറയ്‌ക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ടീമില്‍ മറ്റു ചില പരീക്ഷണങ്ങള്‍ക്കും ടീം മാനേജ്മെന്റ് തുനിഞ്ഞേക്കും. വെള്ളിയാഴ്ചയാണ് അവസാന ടെസ്റ്റിന് തുടക്കമാവുക.