സൂറത്ത്: ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതില്‍ സന്തോഷമെന്ന് മലയാളി പേസര്‍ ബേസില്‍ തമ്പി. എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യന്‍ ജ‌ഴ്സിയണിയുകയെന്നത്. അതിന് വേണ്ടി ദൈവം തന്നെ ഇത്ര പെട്ടെന്ന് അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ട്. തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ കേരള ക്രിക്കറ്റ് അസോസിയേഷനും കുടുംബാംങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുകള്‍ക്കും നന്ദിയറിയിക്കുന്നു. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനായി സൂറത്തിലുള്ള ബേസില്‍ തമ്പി പ്രതികരിച്ചു.

ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമിലാണ് ബേസിലിന് ഇടം ലഭിച്ചത്. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും സഞ്ജു വി സാംസണും ശേഷം ഇന്ത്യന്‍ ജഴ്സിയണിയുന്ന മലയാളിതാരമാണ് ബേസില്‍. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ബേസില്‍ തമ്പി രഞ്ജി ട്രോഫിയില്‍ കാഴ്ച്ചവെക്കുന്ന ഓള്‍റൗണ്ട് മികവിലൂടെയാണ് ടീമിലെത്തിയത്. നേരത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ മികച്ച ഭാവിതാരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ബേസില്‍ ഇന്ത്യന്‍ ടീമിലെത്തിയതിന്‍റെ സന്തോഷത്തിലാണ് അദേഹത്തിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും.